bsnl

കൊച്ചി: ടെലികോം പദ്ധതികൾക്കായി നീക്കിവെച്ച 1.28 ലക്ഷം കോടി രൂപയിൽ സിംഹഭാഗവും പൊതുമേഖല കമ്പനിയായ ബി.എസ്.എൻ.എല്ലിന് മാറ്റിവെച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ബി.എസ്.എൻ.എല്ലിന്റെ സാങ്കേതികവിദ്യ നവീകരണത്തിനും പുനസംഘടനയ്ക്കുമായി ബഡ്‌ജറ്റിൽ 82,916 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ടെലികോം രംഗത്തെ മറ്റൊരു പൊതുമേഖല സ്ഥാപനമായ എം.ടി.എൻ.എല്ലിന് 13,000 കോടി രൂപയും ലഭ്യമാക്കും. ഇതോടൊപ്പം ടെലികോം വകുപ്പിലെ ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിനായി 17,510 കോടി രൂപയും നൽകും. ടെലികോം വകുപ്പിൽ നിന്ന് ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ എന്നിവയിലേക്ക് മാറിയ ജീവനക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

ഓഹരി വില്പന ലക്ഷ്യം 50,000 കോടി രൂപ

പൊതുമേഖല കമ്പനികളുടെ ഓഹരികളുടെ വില്പനയിലൂടെ നടപ്പുവർഷം കേന്ദ്ര സർക്കാർ 50,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു. മികച്ച പ്രകടനം നടത്തുന്ന പൊതു മേഖല സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം ഘട്ടംഘട്ടമായി കുറയ്ക്കാനാണ് ലക്ഷ്യമെന്ന് ധനമന്ത്രാലയം വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കൂട്ടുമന്ത്രിസഭയുടെ വെല്ലുവിളികൾ കണക്കിലെടുത്ത് പൊതു മേഖല കമ്പനികളുടെ സ്വകാര്യവൽക്കരണം അടക്കമുള്ള പരിഷ്ക്കരണ നടപടികളെ കുറിച്ച് ബഡ്‌ജറ്റ് മൗനം പാലിച്ചു. എന്നാൽ വിമാനത്താവളങ്ങളും തുറമുഖങ്ങളും ദേശീയ പാതകളും അടക്കമുള്ള ആസ്തികളുടെ വില്പന സജീവമാക്കുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്.