suresh-gopi

മലയാള സിനിമാ രംഗത്ത് താരങ്ങളുടെ മക്കള്‍ക്ക് പ്രത്യേക പരിഗണനയും അവസരങ്ങളും കിട്ടുന്നുവെന്ന വാദം തള്ളി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സൂപ്പര്‍സ്റ്റാറുകളുടെ മക്കള്‍ അഭിനയരംഗത്തേക്ക് വന്നത് കാരണം ആരുടേയെങ്കിലും അവസരം നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ മകന്‍ ഗോകുല്‍ സുരേഷിന് അവസരം ലഭിക്കുന്നതിന് വേണ്ടി ഏതെങ്കിലും നിര്‍മാതാക്കളെ വിളിച്ചിട്ടുണ്ടെന്ന് ഒന്ന് തെളിയിച്ച് കാണിക്കാനും അദ്ദേഹം വെല്ലുവിളിച്ചു. അങ്ങനെ തെളിയിക്കപ്പെട്ടാല്‍ അഭിനയം മതിയാക്കി വീട്ടില്‍ പോകുമെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

മലയാള സിനിമയില്‍ മൂന്നാമതൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാവാതിരിക്കാന്‍ നീക്കം നടന്നിരുന്നോ എന്ന ചോദ്യത്തിന് താന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ല എന്നാണ് സുരേഷ് ഗോപിയുടെ മറുപടി. ''അങ്ങനെയൊരു നീക്കം നടന്നിരുന്നതായി എനിക്കറിയില്ല. ഞാന്‍ അതിന്റെ ഭാഗമല്ല. - സുരേഷ് ഗോപി വ്യക്തമാക്കി.

ഞാന്‍ സൂപ്പര്‍സ്റ്റാര്‍ ആണോ. എനിക്കറിയില്ല അങ്ങനെയൊരു കാര്യം. അഭിനയത്തിലൂടെ ഉപജീവനം നടത്തുന്ന സിനിമ രംഗത്തെ ഒരു തൊഴിലാളി മാത്രമാണ് താനെന്നും അതില്‍ കൂടുതല്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു സൂപ്പര്‍സ്റ്റാറിന്റെ മകനോ മകളോ കാരണം മറ്റൊരാളുടെ അവസരം നഷ്ടമായാല്‍ മാത്രമേ നെപ്പോട്ടിസം വര്‍ക്ക് ചെയ്യുന്നുവെന്ന് പറയാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.