a

ന്യൂയോർക്ക്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റ സംഭവത്തിൽ പരാജയം സമ്മതിച്ചുകൊണ്ട് സീക്രട്ട് സർവീസ് ഡയറക്ടർ കിംബർലി ചീയറ്റിൽ രാജിവച്ചു. കഴിഞ്ഞ 13ന് പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ നടന്ന പ്രചാരണ റാലിയിലാണ് മുൻ പ്രസിഡന്റും നിലവിൽ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായ ട്രംപിന് വെടിയേറ്റത്. തുട‌ർന്ന് ചീറ്റിലിന് സ്ഥാനമൊഴിയാനുള്ള സമ്മർദ്ദം ശക്തമായിരുന്നു.

സെനറ്റ് അംഗമായ മിച്ച് മക്കോണൽ, ജോൺസൺ അടക്കമുള്ളവർ ചീറ്റിലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച കോൺഗ്രസ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായ ചീറ്റിൽ, ട്രംപിനെതിരായ ആക്രമണം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്ന് സമ്മതിച്ചിരുന്നു. തുടർന്നാണ് രാജി പ്രഖ്യാപനം. 

സഭാസമിതിയുടെ ആദ്യ ഹിയറിംഗാണ് തിങ്കളാഴ്ച നടന്നത്. ട്രംപിന് ആവശ്യമായ സുരക്ഷ നൽകാൻ ഏജൻസി തയ്യാറായില്ലെന്ന് റിപ്പബ്ലിക്കൻ പ്രതിനിധികൾ സഭാസമിതിയിൽ ആരോപിച്ചിരുന്നു. 27 വർഷം സീക്രട്ട് സർവീസ് ഏജൻ്റായി സേവനമനുഷ്ഠിച്ച കിംബർലി 2021ലാണ് വടക്കേ അമേരിക്കയിലെ സെക്യൂരിറ്റി വിഭാഗം മേധാവിയാകുന്നത്.