market

കോട്ടയം : പച്ചക്കറിക്ക് പിന്നാലെ പഴം വിലയും കുതിച്ചുയരുന്നു. വരവ് പഴങ്ങളാണ് വിപണി കീഴടക്കിയിരിക്കുന്നത്. കനത്ത മഴയില്‍ ഭൂരിഭാഗം കര്‍ഷകരുടെയും വാഴക്കൃഷി വ്യാപകമായി നശിച്ചിരുന്നു. ഇതോടെ മാസങ്ങള്‍ക്ക് മുന്‍പ് കുത്തനെ ഇടിഞ്ഞ വാഴപ്പഴങ്ങളുടെ വിലയില്‍ 20 - 40 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. പ്രതികൂല കാലാവസ്ഥയും പഴങ്ങളുടെ ലഭ്യതക്കുറവും തിരിച്ചടിയായി.

നാടന്‍ മാമ്പഴത്തിന്റെ സീസണ്‍ അവസാനിച്ചതിനാല്‍ നീലം ഇനത്തില്‍പ്പെട്ട മാമ്പഴത്തിനാണ് ഡിമാന്‍ഡ്. തമിഴ്നാട്, കര്‍ണാടക, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് പഴങ്ങള്‍ ജില്ലയിലേക്ക് എത്തുന്നത്. ന്യൂസിലാന്‍ഡ്, തുര്‍ക്കി, യു.എസ് എന്നിവിടങ്ങളില്‍ നിന്നുമാണ് ആപ്പിള്‍ ഇറക്കുമതി ചെയ്യുന്നത്. ആപ്പിള്‍ പിങ്ക്ലേഡിയ്ക്ക് 300 ഉം, യു.എസ് ആപ്പിളിന് 260 രൂപയുമാണ് വില.

''വില കൂടിയത്, വില്പനയെയും ബാധിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പഴങ്ങള്‍ കേടാകുകയാണ്. വന്‍നഷ്ടമാണ് സംഭവിക്കുന്നത്.

-(വ്യാപാരികള്‍)

വില ഇങ്ങനെ
മാതളം : 200
ഓറഞ്ച് : 160
മുന്തിരി : 140
പ്ലം : 200
മാമ്പഴം : 120
പൈനാപ്പിള്‍: 60 രൂപ
ഗ്രീന്‍ മുന്തിരി : 140
കിവി : 140
പപ്പായ : 60