farming

പൊന്നാനി : ബയോഫ്ളോക്ക് മത്സ്യകൃഷിക്ക് ജില്ലയില്‍ താത്പര്യം കൂടുന്നു. ഏറെ സൂക്ഷ്മത വേണ്ടതും വലിയ ലാഭം നല്‍കുന്നതുമായ കൃഷി രീതിയാണിത്. നല്ല ബാക്ടീരിയ ഉപയോഗിച്ചാണ് ടാങ്കുകളില്‍ മത്സ്യകൃഷി. നിലവിലുള്ള മത്സ്യകൃഷി രീതികളെക്കാള്‍ കുറഞ്ഞ സ്ഥലസൗകര്യം മതി. ചുരുങ്ങിയ കാലത്തിനുള്ളില്‍ കൂടുതല്‍ വിളവ് ലഭിക്കും. ഉയര്‍ന്ന സാന്ദ്രതയുള്ള കൃത്രിമടാങ്കുകളിലാണ് മത്സ്യം ഉത്പാദിപ്പിക്കുക. ചെറിയ ടാങ്കുകളിലായി 2000 കിലോ മത്സ്യം വളര്‍ത്താന്‍ 150 മുതല്‍ 200 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണവും മതിയായ ജലവിതരണവും മതിയാകും.

മലപ്പുറം ജില്ലയില്‍ പൊന്നാനി, കുറ്റിപ്പുറം, പുറത്തൂര്‍, വെട്ടം, താനൂര്‍, പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, മലപ്പുറം തുടങ്ങി ഒന്‍പതു ക്ലസ്റ്ററുകളിലാണ് ജില്ലയില്‍ ബയോഫ്ളോക് മത്സ്യകൃഷി നിലവില്‍ നടക്കുന്നത്. വന്നാമി ചെമ്മീന്‍, തിലോപ്പിയ, വരാല്‍ തുടങ്ങിയ മത്സ്യങ്ങളാണ് പ്രധാനമായും ഈ രീതിയില്‍ കൃഷി ചെയ്യുന്നത്. യൂണിറ്റിന് ചെലവ് വരുന്നത് സാധാരണ രീതിയില്‍ ഏഴര ലക്ഷം രൂപയാണ് . എന്നാല്‍ എസ്.സി, എസ്.ടി. വിഭാഗത്തിനും വനിതകള്‍ക്കും അറുപതു ശതമാനം സബ്‌സിഡി ലഭിക്കും.

നിലവില്‍ ആദ്യത്തെ വര്‍ഷം മത്സ്യകുഞ്ഞുങ്ങളെയും ഒപ്പം തീറ്റയും ഗവണ്‍മെന്റ് നല്‍കും. എന്നാല്‍ കരാര്‍ അനുസരിച്ചു അടുത്ത വര്‍ഷങ്ങളിലും ഈ കൃഷി കര്‍ഷകര്‍ തുടരണം. ഈ കൃഷി രീതിക്ക് ചുരുങ്ങിയത് അഞ്ചു ഡയമീറ്ററിന്റെ നാല് ടാങ്കോ അല്ലെങ്കില്‍ പത്തു ഡയമീറ്ററിന്റെ രണ്ട് ടാങ്കോ ആണ് വേണ്ടത് . ഈ ടാങ്കില്‍ ഫ്ളോക്ക് ഇട്ട് കൊടുക്കും. മണ്ണ്, ശര്‍ക്കര എന്നിവ ഉപയോഗിച്ചാണ് ഫ്ളോക്ക് നിര്‍മ്മാണം. അതില്‍ നിന്നും നല്ല ബാക്ടീരിയകളെ ഇരട്ടിപ്പിക്കും. കാര്‍ബണ്‍ അളവ് നിലനിറുത്താനാണ് ശര്‍ക്കര ഉപയോഗിക്കുന്നത്.

ഏറെ ശ്രദ്ധ വേണം

ബയോ ഫ്‌ളോക്ക് പദ്ധതി പ്രകാരം വന്നാമി ചെമ്മീന്‍ പോലെയുള്ള മത്സ്യങ്ങള്‍ കൃഷി ചെയ്തു വിജയിപ്പിക്കാം.
ഇവ പൂര്‍ണ്ണ വളര്‍ച്ചയെത്താന്‍ നാല് മാസവും വരാല്‍, തിലോപ്പിയ എന്നിവയ്ക്ക് ആറ് മാസവും വേണം.
വെള്ളത്തില്‍ ചെറിയ രീതിയിലുള്ള മാറ്റങ്ങള്‍ വരെ മത്സ്യങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.
കൃത്യമായി ഭക്ഷണം കൊടുക്കുകയും വേണം. അല്ലാത്ത പക്ഷം ചെമ്മീന്‍ പോലെയുള്ളവ പരസ്പരം കൊന്നുതിന്നും. ഇത് കര്‍ഷകന് ഇരട്ടി നഷ്ടമുണ്ടാക്കും.
ജില്ലയില്‍ ഒരുപാട് പേര്‍ ബയോഫ്‌ളോക്ക് രീതിയില്‍ വരുമാനം നേടുന്നുണ്ട്.പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിക്ക് കീഴിലാണ് നടപ്പാക്കുന്നത്.

ഡോ. എന്‍.വി. കൃപ, ജില്ലാ പ്രോഗ്രാം മാനേജര്‍.