ആസിഫ് അലിയും അമല പോളും ഷറഫുദ്ദീനും പ്രധാന വേഷത്തിൽ എത്തുന്ന ലെവൽ ക്രോസ് തിയേറ്ററിലുണ്ട്. ഇതിന് പിന്നിലൊരു അച്ഛനും മകനും. ജീത്തു ജോസഫിന്റെ ശിഷ്യനായ അർഫാസ് അയൂബ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമയുടെ സംഭാഷണം എഴുതുന്നത് അച്ഛനും ആദ്യകാല സീരിയൽ സംവിധായകനും നടനുമായ ആദം അയൂബ്. ഇരുവരും സംസാരിക്കുന്നു.
ആദം അയൂബ് : രണ്ടുമൂന്ന് വർഷം മുൻപേ അർഫാസ് എഴുതിയ തിരക്കഥയാണ് . സ്ക്രിപ്ടുകൾ അയച്ചുതരാറുണ്ട്. ഞാൻ അതിൽ ഭേദഗതി വരുത്തും. എന്നാൽ ആദ്യം ഭാഗ്യം ഉണ്ടായത് ലെവൽ ക്രോസിനാണെന്ന് മാത്രം. ഒരുപാട് തവണ മാറ്റിയെഴുതി. സംഭാഷണ പ്രാധാന്യമില്ലാത്ത സിനിമയാണ്. ഏറ്റവും വലിയ വെല്ലുവിളി കഥാപാത്രങ്ങൾ കുറച്ച് സംസാരിക്കുക എന്നതാണ്. ചലനങ്ങൾക്കും ഭാവങ്ങൾക്കും ഒപ്പം ലൊക്കേഷനും സംസാരിക്കുന്നു. സംഭാഷണ രചയിതാവ് എന്ന ദൗത്യം നിയന്ത്രിച്ച് ചെയ്യാൻ കഴിഞ്ഞതിൽ വിജയിച്ചെന്ന് കരുതുന്നു.
അർഫാസ് : ഇംഗ്ളീഷിലും ഹിന്ദിയിലുമായാണ് തിരക്കഥ എഴുതുന്നത്. ആദ്യം വായിക്കുന്നത് ഡാഡി തന്നെയാണ്. സംഭാഷണം എഴുത്ത് ആദ്യം മുതൽ എന്റെ മനസിൽ ഡാഡി തന്നെയായിരുന്നു.അപ്പോൾ ഏത് ഭാഷയിലെന്ന് പോലും തീരുമാനിച്ചിട്ടില്ല. പിന്നീടാണ് മലയാളത്തിൽ എന്ന് തീരുമാനിക്കുന്നത്.
സാങ്കല്പികലോകത്ത് നടക്കുന്ന കഥയാണ്. അപ്പോൾ പ്രധാന കഥാപാത്രം കൂടിയായ ലൊക്കേഷനും സാങ്കല്പികം ആകണമെന്ന് ആഗ്രഹിച്ചു. ടുണീഷ്യ ആണ് ലൊക്കേഷൻ. അവിടെ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് ലെവൽ ക്രോസ്. വേറിട്ട ലുക്കിൽ രഘു എന്ന കഥാപാത്രത്തെ ആസിഫ് അലി അവതരിപ്പിക്കുന്നു. സ്ഥലകാലങ്ങൾക്കപ്പുറം ഒരു ലോകത്ത് നടക്കുന്ന മൂന്ന് കഥാപാത്രങ്ങളുടെ കഥ .
ആദം അയൂബ് : സിനിമയുടെ സംഭാഷണം എഴുതുന്നത് രണ്ടാംതവണയാണ്. തൊണ്ണൂറുകളിൽ നടനും ഭാര്യയും എന്ന സിനിമയുടെ സംഭാഷണം എഴുതിയിരുന്നു. ആ സിനിമ വിജയിച്ചില്ല. പിന്നീടാണ് സീരിയലിൽ സജീവമാകുന്നത്. സംവിധാനം ചെയ്ത സീരിയലുകളിൽ ഒന്നോ രണ്ടോ എണ്ണം ഒഴിച്ച് ബാക്കി എല്ലാം എന്റെ തന്നെ തിരക്കഥയാണ്.
അർഫാസ്: സിനിമ പഠിപ്പിക്കുന്നത് ഡാഡിയാണ്. ഡാഡിയുടെ കുമിളകൾ സീരിയലിൽ ബാലതാരമായി അഭിനയിച്ച് തുടക്കം. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ അസിസ്റ്റന്റ് ഡയറക്ടറായി. മാർ ഇവാനിയോസ് കോളേജിൽ മാസ് മീഡിയ കമ്മ്യൂണിക്കേഷൻ പഠിക്കുമ്പോൾ ഗസ്റ്റ് ഫാക്കൽറ്റിയായി ഡാഡി വന്നിട്ടുണ്ട്. മുഖ്യധാരാ സിനിമയുടെ ഭാഗമാകണമെന്ന ആഗ്രഹമാണ് മഹേഷ് ഭട്ട്, വിക്രം ഭട്ട് ക്യാമ്പിൽ എത്തിക്കുന്നത് . ബോഡി എന്ന ഹിന്ദി സിനിമയുമായി ജീത്തു സാർ മുംബയിൽ എത്തുന്നു. ബോഡിയിൽ അസോസിയേറ്റ് ഡയറക്ടറായി.പിന്നീട് റാമിലേക്ക് വിളിച്ചു. ദൃശ്യം 2 മലയാളം , തെലുങ്ക്, ട്വൽത്ത് മാൻ, കൂമൻ എന്നീ സിനിമകളിൽ പ്രവർത്തിച്ചു. കൂമന്റെ സമയത്ത് ആസിഫിനോട് കഥ പറഞ്ഞു. റാമിന്റെ നിർമ്മാതാവ് രമേഷ് പിള്ള സാർ നിർമ്മിക്കാൻ വന്നു. കുറെ കഷ്ടപ്പെട്ടിട്ടാണെങ്കിലും ഒരു ദിവസം സിനിമ സംവിധാനം ചെയ്യുമെന്ന വിശ്വാസം എവിടെയോ ഉണ്ടായിരുന്നു.