ധ്യാൻ ശ്രീനിവാസനും അപർണ ദാസും പ്രധാന വേഷത്തിൽ എത്തുന്ന സീക്രട്ട് എന്ന സിനിമയിലൂടെ നവാഗത സംവിധായകനായി അരങ്ങേറ്റം നടത്തി പ്രേക്ഷകർക്ക് മുൻപിൽ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി . സിനിമയിലെ നാൽപ്പതാം വർഷം, 72-ാം വയസിൽ നടത്തിയ പുതിയ ചുവടുവയ്പിനെപ്പറ്റി എസ്.എൻ. സ്വാമി സംസാരിക്കുന്നു.
സൂപ്പർഹിറ്റായ കുറ്റാന്വേഷണ സിനിമകളുടെ തിരക്കഥാകൃത്തിന്റെ ആദ്യ സിനിമയുടെ പേര് സീക്രട്ട് ?
സീക്രട്ട് എന്നു കേൾക്കുമ്പോൾ കൊലപാതകമായോ പൊലീസുമായോ നിയമമായോ ബന്ധപ്പെട്ടായിരിക്കും എന്നാണ് പൊതുവെ കരുതുക. എന്നാൽ ഇതൊന്നുമല്ലാതെയും സീക്രട്ടുണ്ട്. ജീവിതത്തിലെ പല കാര്യങ്ങളും, പല സംഭവങ്ങളും ഉത്തരം കിട്ടാത്ത പലതും സീക്രട്ടായിരിക്കും. ഇത് അത്തരം ഒരു സംഭവത്തെപ്പറ്റിയാണ്. ഇതുവരെ സിനിമയിൽ വരാത്തതും കാണാത്തതും പറയാത്തതുമായ വിഷയം. അതു എന്തുകൊണ്ട് പറയുന്നുവെന്നും എങ്ങനെ പറയണമെന്നും വ്യക്തമാക്കുന്നുണ്ട്. സീക്രട്ട് നമ്മൾ കാണുന്ന പ്രകടമായ അർത്ഥമല്ല. അല്പം വ്യത്യസ്തമായ അർത്ഥമുണ്ട്. സിനിമയിൽ തീർച്ചയായും അന്വേഷണമുണ്ട്. കുറ്റാന്വേഷണമല്ലെന്ന് മാത്രം.
യുവതാരങ്ങളാണല്ലോ പ്രധാന വേഷത്തിൽ ?
കഥാപാത്രത്തിന് അനുയോജ്യരായവരെയാണ് തിരഞ്ഞെടുത്തത്. അറുപതിലധികം സിനിമകൾക്ക് തിരക്കഥ എഴുതി. ഇതിനിടെ ഏതു സിനിമ വേണമെങ്കിലും സംവിധാനം ചെയ്യാമായിരുന്നു. വലിയ താരങ്ങളുടെ ഡേറ്റും നിർമ്മാതാവിനെയും ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോഴാണ് സംവിധാനം ചെയ്യണമെന്ന തോന്നൽ ഉണ്ടാവുന്നത്. കഥയുടെ പ്രത്യേകതയാണ് കാരണം. കഥ ആവശ്യപ്പെടുന്നവരെ തന്നെ താരങ്ങളായി നിശ്ചയിച്ചു. രഞ്ജിത്ത്, രഞ്ജി പണിക്കർ എന്നിവരെല്ലാം അഭിനയിക്കുന്നുണ്ട്. ഇവരെല്ലാം തിരക്കഥാകൃത്തുക്കളും സംവിധായകരും മാത്രമല്ല. പ്രഗല്ഭരായ നടൻമാർ കൂടിയാണ്. ആരെയും അഭിനയം പഠിപ്പിക്കേണ്ട കാര്യമില്ല. കഥാപാത്രത്തിന് അനുയോജ്യരായിരുന്നു എല്ലാവരും.
സംവിധായകനാകാൻ വൈകിയെന്ന് കരുതുന്നുണ്ടോ ?
ഒരു കാര്യവും മുൻകൂട്ടി തീരുമാനിക്കുന്ന ആളല്ല. സംവിധാനം ചെയ്യണമെന്ന് തോന്നി. ചെയ്തു. സംവിധായകനായി തീരാൻ വേണ്ടി ചെയ്തതല്ല സീക്രട്ട്. നാളെ ഇതുപോലെ നല്ല സബ്ജക്ട് ലഭിക്കുകയും ചെയ്യണമെന്ന തോന്നൽ ഉണ്ടായാൽ വീണ്ടും സംവിധായകനാകും.