നാഗേന്ദ്രനും അഞ്ചു ഭാര്യമാരും ചേരുന്ന ലോകം കാണികൾക്ക് രസക്കാഴ്ച . നിഥിൻ രഞ്ജിപണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന നാഗേന്ദ്രൻസ് ഹണിമൂൺസ് ഡിസ്നി പ്ളസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു. സുരാജ് വെഞ്ഞാറമൂട് നായക വേഷത്തിൽ എത്തുന്ന സീരീസിൽ ശ്വേത മേനോൻ, കനി കുസൃതി, നിരഞ് ജന അനൂപ്, ഗ്രേസ് ആന്റണി, ആൽഫി പഞ്ഞിക്കാരൻ എന്നിവരാണ് നായികമാർ. സാവിത്രി എന്ന കഥാപാത്രമായി എത്തുന്ന നിരഞ്ജന അനൂപ് സംസാരിക്കുന്നു.
നാഗേന്ദ്രൻസ് ഹണിമൂൺസ് എന്ന സീരീസ് എന്ത് പ്രത്യേകത നൽകുന്നു ?
ആദ്യമായാണ് വെബ് സീരീസിന്റെ ഭാഗമാവുന്നത്. ഓരോ എപ്പിസോഡിലും ഓരോ നായികമാർ. ഒരു എപ്പിസോഡിൽ മാത്രം ഞങ്ങൾ എല്ലാവരും ഒരുമിച്ചു. അതു നല്ല രസമായിരുന്നു. ഈ കാലഘട്ടത്തിൽ നടക്കുന്ന കഥാഗതിയല്ല. പീരിയഡ് എന്നും പറയാൻ കഴിയില്ല. അതിനും മുൻപ് നടന്ന കഥ. നിഥിൻ ചേട്ടൻ അഞ്ചു വർഷം മുൻപേ പ്ലാൻ ചെയ്ത സ്ക്രിപ്ടായിരുന്നു. സീരീസിനെപ്പറ്റി ആലോചന വന്നപ്പോൾ സംഭവിച്ചതാണ്. ഗ്രേസിന്റെയും കനി കുസൃതിയുടെയും ആൽഫിയുടെയും ശ്വേതച്ചേച്ചിയുടെയും എല്ലാം രസകരമായ കഥകളാണ്. സുരാജേട്ടനും പ്രശാന്തേട്ടനും ഷാജോൺ ചേട്ടനും എല്ലാ എപ്പിസോഡിലുമുണ്ട്. ഓരോ കഥയിലും കേരളത്തിലെ ഗ്രാമീണ മുഖച്ഛായ. സിറ്റുവേഷൻ ട്രീറ്റ് ചെയ്തതിൽ ചിരി വരുത്തുന്നു.
സാവധാനമാണ് കരിയർ പോകുന്നതെന്ന് കരുതുന്നുണ്ടോ?
സ്കൂളിൽ പഠിക്കുമ്പോൾ മുതൽ അഭിനയിക്കുന്നുണ്ട്. സാവധാനം, തിടുക്കം എന്ന രീതിയിൽ ഒരാളുടെ കരിയർ വിലയിരുത്താൻ കഴിയില്ലല്ലോ. ഭവിക്കുന്ന കാര്യത്തിൽ ഒരു പരിധിക്ക് അപ്പുറം നമുക്ക് നിയന്ത്രിക്കാൻ കഴിയില്ല. ഒരാളുമായി മറ്റൊരാളെ താരതമ്യം ചെയ്യാനും സാധിക്കില്ല. കലയിൽ ജീവിക്കുന്നവരെ ടൈം ലൈൻ വച്ച് നോക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം, എല്ലാവരും അവരവരുടെ ശരിയായ സമയത്ത്, ശരിയായ ദിശയിൽ സഞ്ചരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കരിയർ സാവധാനമെന്ന് കരുതുന്നില്ല.
സിനിമയുടെ മറ്റു വഴിയിലേക്ക് വരുമോ?
തീർച്ചയായും താത്പര്യമുണ്ട്. എപ്പോൾ വരുമെന്ന് അറിയില്ല. അനുഭവസമ്പത്ത് നേടിയെടുക്കുന്നതിനെ ആശ്രയിച്ചാണത്.
അടുത്ത സിനിമ ?
സുരാജേട്ടനും ഷറഫുദ്ദീനും സുദീപും ഒരുമിക്കുന്ന പടക്കളം സിനിമയിൽ പ്രധാന വേഷം അവതരിപ്പിക്കുന്നു. ബേസിലേട്ടന്റെ അസോസിയേറ്റ് മനു സ്വരാജിന്റെ ആദ്യ സംവിധാന സംരംഭം. ഫ്രൈഡേ ഫിലിം ഹൗസും കെ.ആർ.ജിയും ചേർന്നാണ് നിർമ്മാണം. പൂജ കഴിഞ്ഞു. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും.