arrest

പത്തനംതിട്ട: പുരുഷ പൊലീസുകാർ കൊടുംക്രിമിനലുകളെ ഒറ്റയ്ക്ക് ഓടിച്ചിട്ട് പിടിക്കുന്നത് നമ്മൾ പലതവണ കണ്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞദിവസം പത്തനംതിട്ട മാർക്കറ്റിലുള്ളവർ കണ്ടത് തികച്ചും വ്യത്യസ്തമായ മറ്റൊരു ദൃശ്യമായിരുന്നു. സാധാരണ വേഷത്തിൽ എത്തിയ പൊലീസുകാരി ആജാനുബാഹുവായ പോക്‌സോ കേസ് പ്രതിയെ ഒറ്റയ്ക്ക് കീഴ്‌പ്പെടുത്തുന്ന ദൃശ്യമായിരുന്നു അത്.

ഇത് കണ്ടവരെല്ലാം സ്തബ്ദരായി. സിനിമാ ഷൂട്ടിംഗാണ് നടക്കുന്നതെന്ന് കരുതിയവരും ഏറെയാണ്. കുറച്ചുകഴിഞ്ഞപ്പോഴാണ് കാര്യങ്ങൾ എല്ലാവർക്കും മനസിലായത്. വനിതാ സിവിൽ പൊലീസ് ഓഫീസറായ ആർ കൃഷ്ണകുമാരി എന്ന കൃഷ്ണയാണ് മൂന്നുവർഷമായി മുങ്ങി നടന്ന പ്രതിയെ ഒറ്റയ്ക്ക് കീഴ്‌പ്പെടുത്തിയത്.

ഓട്ടോയിൽ യാത്രചെയ്യുകയായിരുന്ന തൃപ്പൂണിത്തുറ നടമ വില്ലേജിൽ കോശ്ശേരി വീട്ടിൽ സുജിത്ത് എന്ന നാൽപ്പത്തിരണ്ടുകാരനെയാണ് അറസ്റ്റുചെയ്തത്. മാർക്കറ്റിൽനിന്ന് ഒരു ഓട്ടോറിക്ഷയിൽ കയറിയതായിരുന്നു സുജിത്ത്. ഈ ഓട്ടോയ്ക്ക് മുന്നിലെത്തിയ കൃഷ്ണ കൈകാണിച്ച് ഓട്ടോ നിറുത്തിച്ചു. ഞൊടിയിടയിൽ അവർ പിൻസീറ്റിലേക്ക് ചാടിക്കയറി. പിന്നെയെല്ലാം കണ്ണടച്ചുതുറക്കുന്ന വേഗത്തിലായിരുന്നു.

എന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിന് മുമ്പുതന്നെ സുജിത്തിനെ കൃഷ്ണ കൈകൾകൊണ്ട് കുരുക്കി അനങ്ങാനാവാത്ത നിലയിലാക്കി. ഓട്ടോ പൊലീസ്‌ സ്റ്റേഷനിലേക്ക് വിടാൻ കൃഷ്ണ ഡ്രൈവറോട് ആവശ്യപ്പെട്ടു. പെട്ടന്നുതന്നെ സിവിൽ പൊലീസ് ഓഫീസർമാരായ ആകാശ് ചന്ദ്രൻ, അനുരാജ്, മണികണ്ഠൻ എന്നിവരുമെത്തി. ഇതിൽ രണ്ടുപേർ ഓട്ടോയ്ക്കുള്ളിലും കയറി.

ഓട്ടോ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് കൃഷ്ണ വനിതാ സിവിൽ പൊലീസ് ഓഫീസറാണെന്ന് പ്രതിയുൾപ്പടെ എല്ലാവർക്കും പിടികിട്ടിയത്. പ്രതി മാർക്കറ്റിലുണ്ടെന്ന് രഹസ്യവിവരം കിട്ടിയതിനെത്തുടർന്നാണ് കൃഷ്ണ ഉൾപ്പടെയുള്ള പൊലീസ് സംഘം എത്തിയത്. പത്തനംതിട്ടയിൽ വാടകയ്ക്ക് താമസിച്ചിരുന്നപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് സുജിത്ത്.

ജാമ്യത്തിലിറങ്ങിയ ഇയാൾ കേസിന്റെ വിചാരണയ്ക്ക് എത്താത്തതിനെ തുടർന്ന് കോടതി അറസ്റ്റുവാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. പ്രതിയെ ഹാജരാക്കാൻ കോടതി നൽകിയിരുന്ന അവസാന ദിവസമായിരുന്നു ഇന്നലെ. അന്നുതന്നെ പ്രതി പിടിയിലാവുകയും ചെയ്തു.പൊലീസ് സ്റ്റേഷനിൽ അസഭ്യവർഷം നടത്തിയ പ്രതിയെ കോടതി റിമാൻഡുചെയ്തു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നു എന്നും വ്യക്തമായി.