ഭാവിജീവിതം സുരക്ഷിതമാക്കാൻ മികച്ച നിക്ഷേപപദ്ധതികൾ അന്വേഷിക്കുന്നവരാണ് ഒട്ടുമിക്കവരും. ലഭിക്കുന്ന വരുമാനം എത്ര ചെറുതായാലും വലുതായാലും അതിന്റെ ഒരു നിശ്ചിത ഭാഗം നിക്ഷേപിച്ച് കൂടുതൽ ലാഭം നേടിയെടുക്കാൻ പലരും ശ്രമിക്കാറുണ്ട്. അതുപോലെ മക്കളുടെ സുരക്ഷിതമായ ഭാവിക്കുവേണ്ടിയും പലരും അനുയോജ്യമായ നിക്ഷേപപദ്ധതികൾ തിരയാറുണ്ട്. പെൺകുട്ടികളുളള മാതാപിതാക്കൾക്കാണ് ഇത്തവണ കോളടിച്ചിരിക്കുന്നത്.
പെൺമക്കളുടെ ഭാവി സുരക്ഷിതമാക്കാൻ സാധിക്കുന്ന ഒരു മികച്ച പദ്ധതി പരിചയപ്പെട്ടാലോ. സുകന്യ സമൃദ്ധി യോജന (എസ്എസ്‌വൈ) എന്നാണ് പദ്ധതിയുടെ പേര്. കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്ന പദ്ധതിയാണിത്. പെൺകുട്ടികൾക്കായുളള പദ്ധതിയാണിത്. പത്ത് വയസിന് താഴെ പ്രായമുളള പെൺകുട്ടികൾക്കായി രക്ഷിതാക്കൾക്ക് ഈ പദ്ധതിയിൽ ചേരാവുന്നതാണ്. ജോയിന്റ് അക്കൗണ്ടായി ഈ പദ്ധതിയിൽ തുടരാൻ സാധിക്കില്ലയെന്നത് പ്രധാനപ്പെട്ട നിബന്ധനയാണ്.
നിക്ഷേപങ്ങൾക്ക് 8.2 ശതമാനം പലിശയും ലഭിക്കും. ഈ നിരക്ക് വർഷത്തിൽ മൂന്ന് മാസത്തിലൊരിക്കൽ മാറാൻ സാദ്ധ്യതയുണ്ട്. 250 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്. പദ്ധതിയുടെ കാലയളവ് 15 വർഷമാണ്. പെൺകുട്ടി പ്രായപൂർത്തിയാകുമ്പോഴോ അല്ലെങ്കിൽ 21 വയസ് തികയുമ്പോഴോ പദ്ധതിയിൽ നിന്നും പണം പിൻവലിക്കാവുന്നതാണ്.
ഒന്നര ലക്ഷം രൂപയുടെ നിക്ഷേപമാണ് എസ്എസ്‌വൈയിൽ നടത്തുന്നതെങ്കിൽ ആദായനികുതി വകുപ്പിലെ സെക്ഷൻ 80 സി പ്രകാരം കൂടുതൽ ആനുകൂല്യങ്ങളും നിക്ഷേപകന് ലഭിക്കും.
നിക്ഷേപിക്കേണ്ട രീതി
പദ്ധതിയിൽ പ്രതിമാസം 5000 രൂപയാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ ഒരു വർഷത്തിനുളളിൽ നിങ്ങളുടെ ആകെ നിക്ഷേപം 60,000 രൂപയാകും. അത്തരത്തിൽ 15 വർഷത്തെ നിക്ഷേപം നടത്തുമ്പോൾ നിങ്ങളുടെ ആകെ നിക്ഷേപം ഒമ്പത് ലക്ഷമാകും. പലിശയിനത്തിൽ മാത്രം 18.92 ലക്ഷവും ലഭിക്കും. അങ്ങനെ പദ്ധതിയുടെ കാലാവധി കഴിയുമ്പോൾ ആകെ 27.92 ലക്ഷം ലഭിക്കും.
പ്രതിവർഷം എസ്എസ്‌വൈയിൽ ഒരു ലക്ഷമാണ് നിക്ഷേപിക്കുന്നതെങ്കിൽ 15 വർഷം കൊണ്ട് നിങ്ങളുടെ ആകെ നിക്ഷേപം 15 ലക്ഷമാകും. പലിശയിനത്തിൽ മാത്രം 31.53 ലക്ഷവും അത്തരത്തിൽ ആകെ നിക്ഷേപം 46.53 ലക്ഷമാകും.