modi

ഇന്ത്യയില്‍ 2014 ലും 2019 ലും നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ ബിജെപി ഒറ്റയ്ക്ക് തന്നെ കേവല ഭൂരിപക്ഷം നേടി കരുത്ത് കാട്ടിയിരുന്നു. എന്നാല്‍ 2024 തിരഞ്ഞെടുപ്പുകളില്‍ ബിജെപി കേവലഭൂരിപക്ഷമില്ലാതെ എന്‍ഡിഎ മുന്നണിയെന്ന നിലയിലാണ് ഭൂരിപക്ഷം തികച്ചിരിക്കുന്നത്. ഒറ്റയ്ക്ക് 240 സീറ്റുകൾ മാത്രമാണ് ഇക്കുറി ബിജെപിക്ക് നേടാനായത്. 272 കേവല ഭൂരിപക്ഷ സംഖ്യ തികയ്ക്കാന്‍ ഘടകകക്ഷികളുടെ പിന്തുണയില്ലാതെ കഴിയില്ലെന്ന അവസ്ഥയാണ് സംജാതമായത്. എങ്കിലും ജവഹര്‍ലാല്‍ നെഹ്‌റുവിനുശേഷം നരേന്ദ്രമോദി ഹാട്രിക് ഭരണത്തിലേക്കെത്തിയിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് സഭകളിലും പ്രതിപക്ഷത്തിന് വേണ്ടത്ര അംഗബലമില്ലാതിരുന്നതിനാല്‍ അവര്‍ക്ക് ശക്തമായൊരു നിരതീര്‍ക്കുവാനോ പ്രതിപക്ഷ നേതൃസ്ഥാനത്തിനോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 99 സീറ്റ് തനിച്ച് നേടി കോണ്‍ഗ്രസ് ശിഥിലീകരണത്തെ പ്രതിരോധിച്ച് പ്രതിപക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നു. സ്വാഭാവികമായും രാഹുല്‍ഗാന്ധി ആ സ്ഥാനത്ത് എത്തുകയും ചെയ്തു. മോദി പ്രഭാവത്തില്‍ മുങ്ങിപ്പോയ കോണ്‍ഗ്രസിനും യുപിഎ സഖ്യത്തിനും ജീവശ്വാസം കിട്ടിയ തിരഞ്ഞെടുപ്പ് കൂടിയാണ് 2024 എന്ന് പറയാം.

ആര്‍എസ്എസിന്റെ പ്രചാരകനായി തുടങ്ങി തുടര്‍ന്ന് ബിജെപി ജനറല്‍ സെക്രട്ടറി, ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നിങ്ങനെ രാഷ്ട്രീയത്തിന്റെയും പദവികളുടെയും ഔന്നത്യങ്ങളിലൂടെ കടന്നുവന്ന നരേന്ദ്രമോദി പിന്നിട്ട 55 വര്‍ഷങ്ങള്‍ക്കിടയില്‍ അത്ര പരിചയമില്ലാത്ത ഒരു അവസ്ഥയെ ആണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. മുമ്പ് അദ്ദേഹം ഒറ്റകക്ഷി സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ ഇന്ന് ടി.ഡി.പി.യുടെ 20 എം.പി.മാരും ജെ.ഡി.യുവിന്റെ 12 എം.പി.മാരും പിന്തുണ നല്‍കുന്ന ഒരു
സര്‍ക്കാരിന്റെ നാഥനാണ്.

എക്‌സിറ്റ് പോളുകളുടെ വിലയിരുത്തലുകളെയും പ്രവചനങ്ങളെയും അട്ടിമറിക്കുന്ന ഒരു തിരഞ്ഞെടുപ്പ് ഫലമാണ് 2024 കണ്ടത്. മോഡിയുടെ തുടര്‍ഭരണത്തെ ചെറുക്കാന്‍ ഇന്ത്യാ സഖ്യം കഴിവത് ശ്രമിച്ചെങ്കിലും അവര്‍ക്ക് അതിന് സാധിക്കുകയോ അവര്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കുവാനോ ആയില്ല. സംസ്ഥാനങ്ങളില്‍ പരസ്പരം തമ്മില്‍ അടിക്കുകയും വിരുദ്ധ ചേരികളില്‍ നിന്ന് മത്സരിക്കുകയും ചെയ്ത പ്രതിപക്ഷം ദേശീയ തലത്തില്‍ ഒന്നിക്കുന്ന വിചിത്രമായ കാഴ്ചയാണ് രാജ്യം കണ്ടത്.


ചുരുക്കത്തില്‍ ഇന്ത്യാസഖ്യത്തിലെ പ്രാദേശികപാര്‍ട്ടികള്‍ രാജ്യതലസ്ഥാനത്ത് ഒരു മുഖവും സംസ്ഥാനങ്ങളില്‍ മറ്റൊരു മുഖവുമാണ് കാട്ടിയത്. തികച്ചും വൈരുദ്ധ്യാത്മകമായ ഈ ഒത്തുചേരല്‍ കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായില്ലെങ്കിലും ഒരു പ്രതിപക്ഷ നേതാവിനെ സഭയില്‍ പ്രതിഷ്ഠിക്കാന്‍ അവര്‍ക്കായി. ജനാധിപത്യഭരണസംവിധാനത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും അവിഭാജ്യഘടകങ്ങള്‍ തന്നെയാണല്ലോ. ഭരണഘടനാഭേദഗതിപോലുള്ള ഗൗരവമാര്‍ന്ന വിഷയങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവും പൊതുവായ അഭിപ്രായ ഐക്യമില്ലാതെ ഇനിയത് നിര്‍വഹിക്കുവാനുമാകില്ല.

മോദി സര്‍ക്കാരിന്റെ ഭരണതുടര്‍ച്ചയെ വിമർശിക്കുന്നതും എതിര്‍ക്കുന്നതും അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്നതും പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. എന്നാല്‍ ജനങ്ങള്‍ മോഡി സര്‍ക്കാരിനെ തന്നെയാണ് തുടർന്നും ഭരണപീഠത്തില്‍ അവരോധിച്ചത്. മോദി ഭരണത്തില്‍ രാജ്യത്തിന് കെട്ടുറപ്പും സുസ്ഥിരതയുമുണ്ടായെന്നും ക്ഷേമപദ്ധതികള്‍ നടപ്പാക്കാനും സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുവാനുമായെന്ന് വിദേശ രാഷ്ട്രീയനിരീക്ഷകര്‍ പോലും വിലയിരുത്തുന്നുണ്ട്. ഇന്ത്യക്ക് രാജ്യാന്തര തലത്തിൽ ലഭിച്ചിട്ടുള്ള അംഗീകാരവും നിസ്തർക്കമാണ്. അതേസമയം, ഇതേ ഘടകങ്ങള്‍ കൊണ്ടുതന്നെ പല വിദേശ രാജ്യങ്ങളും മോദി സർക്കാരിന് തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. മോദി അധികാരമേറ്റപ്പോള്‍ ചൈനയുടെയും പാകിസ്ഥാന്റെയും മാദ്ധ്യമങ്ങള്‍ നടത്തിയ നിരീക്ഷണങ്ങളും പങ്കുവച്ച ആശങ്കകളും ഈ ദിശയിലുള്ളവയായിരുന്നു. ശത്രുരാജ്യങ്ങളുടെ ഗൂഢഅജണ്ടകള്‍ ഭരണത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്നുവെന്നതിന് തെളിവാണ് ഖാലിസ്ഥാന്‍വാദം, മണിപ്പൂര്‍, കശ്മീര്‍ സംഘര്‍ഷം , നീണ്ടുപോയ കർഷക സമരം തുടങ്ങിയവ.


ആഭ്യന്തരമായി വിലയിരുത്തുമ്പോള്‍ മോദി സര്‍ക്കാരിന് സീറ്റ് കുറയാന്‍ കാരണം രാജ്യത്ത് നിലനില്‍ക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്വേഷാന്തരീക്ഷം എന്നിവയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. മാതൃസംഘടനയായ ആര്‍.ആര്‍.എസിന്റെ താല്പര്യക്കുറവുകളും ചൂണ്ടികാട്ടപ്പെടുന്നുണ്ട്. എന്‍.ഡി.എ മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായി തന്നെ ഇപ്പോഴും തുടരുന്ന ബിജെപിക്ക് പക്ഷേ, ലഭിച്ച വോട്ടുകളുടെ എണ്ണം ഇത്തവണ കൂടിയിട്ടേയുള്ളൂ.


2019ല്‍ നിന്ന് 2024ല്‍ ബിജെപിക്ക് ലഭിച്ച മൊത്തം വോട്ടുകളുടെ എണ്ണം 69 ലക്ഷം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ വോട്ടുവിഹിതം 2019ല്‍ 37.3 ശതമാനമായിരുന്നത് 2024ല്‍ 36.6% ആയി കുറഞ്ഞു. 0.7 ശതമാനത്തിന്റെ കുറവ്. 2019ല്‍ 22.9 കോടി വോട്ടു നേടിയ ബിജെപി 2024ല്‍ 23.59 കോടിവോട്ടാണ് നേടിയത്. സീറ്റു കുറഞ്ഞുവെന്നല്ലാതെ പാര്‍ട്ടിയുടെ അടിത്തറ ഇപ്പോഴും ഭദ്രംഎന്നര്‍ത്ഥം. ജനങ്ങള്‍ ചിന്തിക്കാനും ആത്മവിമര്‍ശനത്തിനും ഒരവസരം നല്‍കിയിരിക്കുന്നു എന്നുവേണം ഈ 2024 തെരഞ്ഞെടുപ്പ് ഫലത്തെ ഭരിക്കുന്നവർ കാണേണ്ടതും വിലയിരുത്തേണ്ടതും.

ഇന്ത്യയുടെ വികസിത രാഷ്ട്രം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഭരണാധികാരികൾക്കൊപ്പം പ്രതിപക്ഷവും ക്രിയാത്മകമായി അണി ചേരേണ്ടിയിരിക്കുന്നു. കൂടുതൽ ശക്തവും ഊർജ്ജസ്വലവുമായ രാഷ്ട്ര നിർമ്മിതിയിൽ പങ്കാളികളാകാൻ പ്രതിപക്ഷത്തിന് ധാർമ്മിക ഉത്തരവാദിത്വമുണ്ട്. അത്തരം ചുമതലകൾ ജനം ഏല്പിച്ചു കൊടുത്തതിന് തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലവും ലഭിച്ചിരിക്കുന്ന അവസരവും. ഭരണപക്ഷവും പ്രതിപക്ഷവും സർഗ്ഗാത്മകമായി പ്രവർത്തിക്കുമ്പോൾ മാത്രമായിരിക്കും രാഷ്ട്രം അഭിലഷണീയമായ പുനസൃഷ്ടികൾക്ക് വിധേയമാകുന്നതും പുരോഗതിയിലേക്ക് കുതിക്കുന്നതും.

സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ഫാളോവേഴ്സുള്ള ഭരണാധിപൻ മോദിയാണെന്നതും അദ്ദേഹത്തെ എക്സിൻ്റെ അധിപൻ ഇലോൺ മസ്ക് അഭിനന്ദിച്ചതും നമ്മൾ കാണാതിരുന്നു കൂടാ. എന്തെന്നാൽ ഇന്ത്യ എന്ന മഹത്തായ ജനാധിപത്യ രാഷ്ട്രത്തിൽ ജനാധിപത്യ പ്രക്രിയകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയാണ് മോദി എന്നതുതന്നെ.

madhavan-b-nair

(ഫൊക്കാന മുൻ പ്രസിഡന്റും എം.ബി.എൻ ഫൗണ്ടേഷൻ (യു.എസ്.എ) ചെയർമാനുമാണ് ലേഖകൻ)