siachen

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് സിയാച്ചിൻ. സൈന്യത്തിന്റെ വ്യോമ പ്രതിരോധ വിഭാഗത്തിൽ നിന്ന് (ആർമി എയർ ഡിഫൻസ് ഓഫീസർ) സിയാച്ചിനിൽ നിയമിക്കപ്പെടുന്ന ആദ്യ വനിതയായി ചരിത്രം കുറിച്ചിരിക്കുകയാണ് മൈസൂരുകാരിയായ ക്യാപ്‌ടൻ സുപ്രീത സി ടി.

ലെഫ്‌റ്റനന്റ് ഓഫീസറായി 2021ലാണ് സുപ്രീത തന്റെ സൈനിക സേവനം ആരംഭിക്കുന്നത്. തുടർന്ന് ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ (ഒടിഎ) കഠിന പരിശീലനം. എൻസിസിയിലൂടെയായിരുന്നു സുപ്രീതയുടെ ആർമി പ്രവേശനം.

ക‌ർണാടക മൈസൂർ സ്വദേശിയായ സുപ്രീത കൃഷ്ണരാജനഗരയിലെ സെന്റ് ജോസഫ് സ്‌കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയതിനുശേഷം മൈസൂരുവിലെ മാരിമല്ലപ്പ പ്രീ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പ്രീഡിഗ്രി പൂർത്തിയാക്കി. ശേഷം ജെ എസ് എസ് ലോ കോളേജിൽ നിന്ന് നിയമബിരുദവും സ്വന്തമാക്കി. സുപ്രീത ബിസിനസ് അഡ്‌മിനിസ്‌ട്രേഷൻ ബിരുദധാരി കൂടിയാണ്.

മൈസൂരുവിന് സമീപത്തെ തലക്കാട് സ്റ്റേഷനിൽ പൊലീസ് സബ് ഇൻസ്‌പെക്‌ടറാണ് സുപ്രീതയുടെ പിതാവ് തിരുമല്ലേഷ്. മാതാവ് നിർമ്മല വീട്ടമ്മയും. സ്‌കൂൾ തലത്തിൽ വിവിധ കായിക ഇനങ്ങളിലും സുപ്രീത പങ്കെടുക്കുമായിരുന്നു. സ്‌കൂൾ പഠനകാലത്താണ് എൻസിസിയിൽ ചേരുന്നത്. പിന്നാലെ എൻസിസി എയർവിംഗിൽ നിന്ന് സി സർട്ടിഫിക്കറ്റ് സ്വന്തമാക്കി. 2016ൽ ഓൾ ഇന്ത്യ വായു സൈനിക് ക്യാമ്പിൽ കർണാടകയെ പ്രതിനിധീകരിക്കുകയും ചെയ്തു.

2021ൽ ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റായി ചേർന്ന സുപ്രീത തുടർന്ന് ചെന്നൈയിലെ ഒടിഎയിൽ സിയാച്ചിൻ നിയമനത്തിനായുള്ള തയ്യാറെടുപ്പുകളിലായിരുന്നു. അനന്തനാഗ്, ജബൽപൂർ, ലേ തുടങ്ങിയ സ്ഥലങ്ങളിൽ സുപ്രീതയെ പരിശീലനത്തിനായി വിന്യസിച്ചിരുന്നു.

മേജർ ജെറി ബ്ലേസ് ആണ് ക്യാപ്‌ടൻ സുപ്രീതയുടെ ഭർത്താവ്. 2024ലെ റിപ്പബ്ലിക് ദിനത്തിൽ സുപ്രീതയും ജെറിയും വിവിധ വിഭാഗങ്ങളെ നയിച്ച് കർത്തവ്യ പഥിലെത്തുന്ന ആദ്യ ദമ്പതികളായും ചരിത്രത്തിൽ ഇടംനേടി. ജൂലായ് 18നാണ് സുപ്രീതയ്ക്ക് സിയാച്ചിനിൽ നിയമനം നൽകികൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. ഹിമാലയത്തിന്റെ കിഴക്കൻ കാരക്കോറം പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ മഞ്ഞുമല, ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ് യുദ്ധക്കളങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. തീവ്രമായ ഉയരങ്ങളോടുകൂടിയ മഞ്ഞുമലയിൽ താപനില പലപ്പോഴും -50 ഡിഗ്രി സെൽഷ്യസിലേക്ക് താഴുന്നത് വലിയ വെല്ലുവിളിയാണ്.