v

ബോളിവുഡിൽ ധാരാളം ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരും സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും ധാരാളം ലൈക്കുകൾ ലഭിക്കാറുണ്ട്. അടുത്തിടെ ഇരുവരും വേർപിരിയാൻ പോകുകയാണെന്ന തരത്തിലുളള നിരവധി അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് താരങ്ങൾ ഒരുമിച്ച് എത്താത്തതായിരുന്നു അഭ്യൂഹങ്ങൾക്ക് കാരണം.

ഇതോടെയാണ് ഐശ്വര്യയും അഭിഷേകും വേർപിരിയാൻ പോകുന്നുവെന്ന തരത്തിലുളള ഗോസിപ്പുകൾ വന്നുതുടങ്ങിയത്. അതിന്റെ വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്നറിയാനുളള ആകാംഷയിലാണ് ഇപ്പോൾ ആരാധകർ. ഇപ്പോഴിതാ ഐശ്വര്യാ റായി മുൻപ് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖമാണ് ചർച്ചയാകുന്നത്. അഭിഷേകും താനുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടോയെന്ന് അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഐശ്വര്യാ റായി.

ആദ്യം ചോദ്യത്തിന് ഉത്തരം നൽകാൻ താരം വിസമ്മതിച്ചെങ്കിലും തുടർന്ന് വിശദീകരിക്കുകയായിരുന്നു. എന്റെയും അഭിഷേകിന്റെയും ഇടയിലുണ്ടാകുന്ന പ്രശ്നങ്ങൾ സ്വകാര്യമാണ്. അതുകൊണ്ട് തന്നെ അത് ആരും അറിയേണ്ട ആവശ്യമില്ലെന്നാണ് ആദ്യം താരം ചെറിയ ചിരിയോടെ പറഞ്ഞത്. എന്നാൽ ഐശ്വര്യ ചോദ്യത്തിന് കൂടുതൽ വിശദീകരണങ്ങൾ നൽകുകയായിരുന്നു. 'ഓരോ വിഷയത്തിനും ഞങ്ങൾക്ക് വ്യക്തവും ശക്തവുമായ അഭിപ്രായങ്ങളുണ്ട്. അതിനാൽത്തന്നെ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ചർച്ചകളും തർക്കങ്ങളും തമ്മിലുളള വ്യത്യാസം എന്താണെന്ന് ഞങ്ങൾ ഇപ്പോഴും പഠിച്ചുക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ജീനുകളും ശക്തമാണ്. കൃത്യമായ വ്യക്തിത്വം ഉളള രണ്ടുപേരാണ് ഞാനും അഭിഷേകും. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും തർക്കങ്ങൾ ഉണ്ടാകാം'- താരം വ്യക്തമാക്കി.

തെന്നിന്ത്യയിൽ തന്നെ വമ്പൻ ഹിറ്റായ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ നന്ദിനിയായിട്ടാണ് ഐശ്വര്യ അവസാനമായി ബിഗ്സ്ക്രീനിൽ എത്തിയത്. താരത്തിന്റെ പുതിയ സിനിമയ്ക്കായുളള കാത്തിരിപ്പിലാണ് ആരാധകർ.