chinthamrutham

"സ്വന്തം വാക്കിന് യാതൊരു വിലയും കല്പിക്കാത്തവന്, സമൂഹത്തിലെ വിലയെന്തെന്ന് വലിയ സ്ഥാനമാനങ്ങൾ വഹിക്കുന്നവർ ചിന്തിക്കുന്നുണ്ടാകുമോ? അത്തരക്കാരുടെ ചുണ്ടിന്റെചലനമുൾപ്പെടെ ദൃശ്യരൂപത്തിൽ ഇന്ന് ഒപ്പിയെടുക്കാൻ സാധിക്കുന്നതിനാൽ, ഒരു കാര്യം പറഞ്ഞശേഷം, പിന്നീട് നിഷേധിച്ചാൽ, അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വികൃതമാക്കാനേ ഉപകരിക്കുയെന്നൊരു ബോധമെങ്കിലുമുണ്ടാകണ്ടേ! ഒരു സാധാരണക്കാരനെ വിലയിരുത്തിയ ശേഷം, അയാളുടെ വാക്കും പൊത്ത ചാക്കും ഒരു പോലെയാണെന്ന നാടൻ പ്രയോഗം ആരെങ്കിലും നടത്തിയാൽ, അതിന്റെ അർത്ഥമെന്തെന്ന് നമ്മളിൽ പലർക്കുമറിയാം! അതായത്, അയാൾ വിശ്വസിക്കാൻ കൊള്ളാവുന്ന വ്യക്തിയല്ല എന്നാണ്‌ അർത്ഥമാക്കുന്നത്! ‌

ഞങ്ങളൊക്കെ സാധാരണ പള്ളിക്കൂടങ്ങളിൽ പഠിച്ചതിനാൽ, ഞങ്ങളുടെ ജനാർദ്ദനൻ സാർ സിലബസിലില്ലാത്ത ഇങ്ങനെ ചിലതുകൂടി പഠിപ്പിച്ചിട്ടുണ്ട്! അതു പിന്നീട്, ജീവിതത്തിൽ കണ്ട 'വലിയ' ചിലരുടെ സ്വഭാവമാണെന്നും മനസിലാക്കാനായി! സ്വഭാവമെന്നാൽ, സ്വന്തം ഭാവമല്ലേ? 'വലിയവരിൽ' ചിലർക്ക്, വരും കാലങ്ങളിൽ, ഇത്തരം 'വിശേഷ ഗുണങ്ങ'ളുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നൊക്കെ, ദശാബ്ദങ്ങൾക്കു മുൻപ് പറഞ്ഞുതന്ന എല്ലാ ഗുരുക്കന്മാർക്കും വന്ദനം! കാരണം, ഇന്ന് ഈ തൊഴിൽ ചെയ്യുന്ന എത്ര പേർക്ക്‌ അതിനു കഴിയും?" പ്രഭാഷകന്റെ വാക്കുകളിലെ നർമ്മം ആസ്വദിച്ച സദസ്യരിൽ ചിലർക്ക് ചിരിയടക്കാനായില്ല.

യാതൊരു പിരിമുറുക്കവുമില്ലാത്ത മനുഷ്യമുഖം, ലോകത്തിലെ ഏറ്റവും സുന്ദരസൃഷ്ടിയാണെന്ന് കുറിച്ച സാഹിത്യപ്രതിഭയുടെ നിരീക്ഷണം എത്ര കൃത്യമെന്ന വസ്തുതക്ക്‌ അടിവരയിട്ടപോലെ പ്രഭാഷകൻ, സദസ്യരെയാകെ നോക്കിക്കൊണ്ട് തുടർന്നു: "വാക്കിന് വിലയില്ലാത്തവന് ആരാണ് വിലകൊടുക്കുന്നത്! ആ വ്യക്തിയെ ആരെങ്കിലും അംഗീകരിക്കുമോ? പ്രത്യേകിച്ചും, സമൂഹത്തിൽ ഉന്നതപദവി അലങ്കരിക്കുന്ന ആളാണെങ്കിൽ, സ്വന്തം വാക്കിന് വിലയില്ലാതായാൽ, പൊതുസമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യത കൂടി ആലോചിച്ചു നോക്കുക! വാക്കുകളുടെ ശരിയായ അർത്ഥം ഉൾക്കൊണ്ട് സന്ദർഭമനുസരിച്ച് പ്രയോഗിക്കുന്നതാണ് വിവേചന ബുദ്ധിയുള്ളവർ പിൻതുടരുന്ന രീതി!

അധികാരവും, ഉന്നത സ്ഥാനങ്ങളുമുള്ളവരെ പ്രകോപിക്കാൻ ആര് ശ്രമിച്ചാലും, അത്തരം സാഹചര്യങ്ങളെ സമചിത്തതയോടെ കെെകാര്യം ചെയ്തില്ലെങ്കിൽ, വിവാദങ്ങളിൽപ്പെട്ട്, അപഹാസിതരായി മാറും. എന്നാൽ, വിവേകശാലികളെ പ്രകോപിതരാക്കാൻ ആർക്കും കഴിയില്ലയെന്നും ഓർക്കണം! മിതമായ സംഭാഷണമാണ് മാന്യമായ രീതി. ഗർജനം മാന്യ വ്യക്തികളുടെ സംഭാഷണരീതിയായി മാനവസമൂഹം അംഗീകരിച്ചിട്ടില്ല! സമൂഹത്തോട് എന്തെങ്കിലും പറയാൻ വേണ്ടി, യാതൊന്നും പറയരുത്, എന്തെങ്കിലും പറയാനുണ്ടെന്ന ബോദ്ധ്യമുണ്ടെങ്കിൽ മാത്രമേ, പറയേണ്ട ആവശ്യമുള്ളുയെന്നുമോർക്കണം! ഇത് മനുഷ്യർക്കെല്ലാവർക്കും ഒരുപോലെ സ്വീകരിക്കാവുന്ന അടിസ്ഥാന പ്രമാണമാണ്! ഏതു കാര്യവും പറയുന്നതിനു മുൻപ് നന്നായി ചിന്തിക്കണം. എന്നാൽ, ചിന്തിക്കുന്നത് എല്ലാം പറയേണ്ട ആവശ്യമില്ലയെന്നും പ്രത്യേകമോർക്കണം.

കേൾക്കുന്ന എല്ലാത്തിനോടും പ്രതികരിക്കേണ്ട ആവശ്യമില്ല, പ്രതികരിക്കുന്നത് തികഞ്ഞ പക്വതയോടെ ആയാൽ, പിന്നീട് അത് പിൻവലിക്കേണ്ടി വരില്ല! കുറച്ചു മാത്രം സംസാരിക്കാൻ ശ്രമിച്ചാൽ താരതമേന്യ, തെറ്റുകളും കുറവായിരിക്കും. ഇത് മുൻപ് സൂചിപ്പിച്ച 'വലിയവർ'ക്കു മാത്രം ബാധകമാകുന്ന കല്പനയല്ല കേട്ടോ, ചെറിയവരായ നമുക്കുമൊക്കെ നിത്യജീവിതത്തിൽ സ്വീകരിച്ചാൽ, മനസമാധാനത്തിനു വേറെ മരുന്ന് അന്വേഷിച്ച് നടക്കേണ്ടിവരില്ല!" സദസിലെ നിശബ്ദത കൂട്ടച്ചിരിക്കു വഴിമാറിയപ്പോൾ പ്രഭാഷകനും അതിൽ പങ്കുചേർന്നു.