സമൂഹമാദ്ധ്യമങ്ങൾ ഭരിക്കുന്ന ഇന്നത്തെ കാലത്ത് സിനിമാതാരങ്ങളെപ്പോലെ തന്നെ ആരാധകവൃന്ദമുള്ളവരാണ് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരും വ്ളോഗർമാരും. ഓരോ വീഡിയോയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇൻഫ്ളുവൻസർമാരെയും വ്ലോഗർമാരെയും വിശ്വസിച്ച് റീലുകളും മറ്റും ചെയ്ത് അപകടത്തിൽപ്പെടുന്നവരും ധാരാളുണ്ട്. ഇപ്പോഴിതാ ലൈവ് സ്‌ട്രീമിംഗിനിടെ ഫുഡ് വ്ളോഗർക്ക് ദാരുണാന്ത്യം സംഭവിച്ച വാർത്തയാണ് പുറത്തുവരുന്നത്.
ചൈനയിലാണ് സംഭവം. 24കാരിയായ പാൻ ഷോട്ടിംഗ് ആണ് മരിച്ചത്. ലൈവ് സ്ട്രീമിംഗിൽ ഈറ്റിംഗ് ചലഞ്ച് നടത്തുന്നതിനിടെയായിരുന്നു അന്ത്യം. 'മുക്‌ബാംഗ്' എന്ന ചലഞ്ചാണ് പാൻ ചെയ്തത്. ഓൺലൈൻ വ്യൂസിനാണ് വലിയ അളവിൽ ഭക്ഷണം കഴിക്കുകയാണ് ചെയ്തിരുന്നത്. പത്തുമണിക്കൂറിലേറെ തുടർച്ചയായി ഭക്ഷണം കഴിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ ദിവസേന പത്തുകിലോ ആഹാരംവരെ പാൻ കഴിച്ചിരുന്നു.
രക്ഷിതാക്കളും സുഹൃത്തുക്കളും മുന്നറിയിപ്പുകൾ നൽകിയിട്ടും പാൻ അപകടകരമായ ഭക്ഷണരീതി തുടരുകയായിരുന്നുവെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമിതഭക്ഷണത്താൽ പാനിന്റെ വയർ വളച്ചൊടിച്ച നിലയിലായിരുന്നുവെന്നും ദഹിക്കാത്ത കുറേ ആഹാരം വയറിൽ ഉണ്ടായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മരിക്കുന്നതിന് നിമിഷങ്ങൾക്കുമുൻപ് വ്ളോഗുകളിൽ നിന്ന് എങ്ങനെയാണ് പണം സമ്പാദിക്കുന്നതെന്നാണ് പാൻ സംസാരിച്ചുകൊണ്ടിരുന്നതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമിത അളവിൽ ഭക്ഷണം കഴിച്ചതിനെത്തുടർന്ന് രക്തസ്രാവം ഉണ്ടായി പാനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞദിവസമാണ് ഡിസ്‌ചാർജ് ആയി വീട്ടിലെത്തിയത്. പിന്നാലെയാണ് പുതിയ ഫുഡ് ചലഞ്ച് ചെയ്തത്.