vande-bharat

ചെന്നെെ: ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിൽ (ഐസിഎഫ്) നിന്ന് നിർമാണം പൂർത്തിയാക്കിയ അഞ്ച് പുതിയ വന്ദേഭാരത് ട്രെയിനുകൾ ഉടൻ ട്രാക്കിലിറങ്ങുമെന്ന് റിപ്പോർട്ട്. പുറത്തിറങ്ങുന്ന പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ റൂട്ട് ഉടൻ റെയിൽവേ ബോർഡ് നിർണയിക്കുമെന്നാണ് വിവരം.

16 കോച്ചുകൾ ഉള്ള ഓറഞ്ച് നിറത്തിലുള്ള വന്ദേഭാരത് ട്രെയിനുകളുടെ അന്തിമ നടപടികളാണ് നടന്നുവരുന്നത്. നടപടികളും പരിശോധനങ്ങളും പൂർത്തിയാക്കിയ ശേഷം ഇവ ട്രാക്കിലേക്ക് ഇറക്കുമെന്ന് ഐസിഎഫ് ഉദ്യോഗസ്ഥൻ അറിയിച്ചു. 2018 മുതൽ ചെന്നെെ ഐസിഫ് 70 ഓളം വന്ദേ ഭാരത് റേക്കുകൾ നിർമ്മിച്ചിട്ടുണ്ട്. 500ലധികം ഡിസെെനുകളിലായി 75,000 റെയിൽ കോച്ചുകൾ ഐസിഎഫ് നിർമ്മിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം 1,536 എൽഎച്ച്ബി കോച്ചുകളും 650 ലധികം വന്ദേഭാരത് കോച്ചുകളും ഉൾപ്പെടെ 3,515 റെയിൽ കോച്ചുകൾ നിർമ്മിക്കാനാണ് ഐസിഎഫ് പദ്ധതിയിടുന്നത്.വന്ദേഭാരത് ട്രെയിനുകൾക്ക് എട്ട് മുതൽ 16 കോച്ചുകൾ വരെയുണ്ട്. ഭാവിയിൽ 20 മുതൽ 24 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനുകൾ പുറത്തിറക്കുമെന്നും ഐസിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അതേസമയം, പുറത്തിറങ്ങുന്ന പുതിയ വന്ദേഭാരത് കേരളത്തിൽ സ‌ർവീസ് നടത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. സംസ്ഥാനത്ത് സർവീസ് നടത്തുന്ന വന്ദേഭാരതിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പലപ്പോഴും ആഴ്ചകൾക്ക് മുൻപ് ബുക്ക് ചെയ്താൽ മാത്രമാണ് ടിക്കറ്റ് ലഭിക്കാറുള്ളത്. അതുകൊണ്ട് പുതിയ ട്രെയിനുകളിൽ ഒന്ന് കേരളത്തിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

ചെന്നെെയെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് വേണമെന്ന് സോണൽ റെയിൽ ഉപയോക്താക്കളുടെ കൺസൾട്ടേറ്റീവ് കമ്മിറ്റി മുൻ അംഗം ആർ പാണ്ഡ്യ രാജ ആവശ്യപ്പെട്ടിരുന്നു. ശബരിമല സീസൺ കണക്കിലെടുത്താണ് ഇത് ആവശ്യപ്പെട്ടിരിക്കുന്നത്.