സ്വയാർജ്ജിത വരുമാനത്തിലൂടെ ജീവിത വിജയം കണ്ടെത്തിയ വ്യവസായിയാണ് പള്ളിയറ ശശി. 20 വർഷമായി തുടർച്ചയോടെ മുദാക്കൽ ഗ്രാമ പഞ്ചായത്തംഗമായും ഇപ്പോൾ പ്രസിഡന്റായും പ്രവർത്തിക്കുന്ന പള്ളിയറ ശശി രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃകയാണ്.മുഴവൻ സമയ രാഷ്ട്രീയ പ്രവർത്തകനായിട്ടും പള്ളിയറ ശശി ചോര വിയർപ്പാക്കി അദ്ധ്വാനിച്ച് നേടിയ കാശ് കൊണ്ടാണ് സാമൂഹ്യ പ്രവർത്തനം നടത്തി കൊണ്ടിരിക്കുന്നത്.കെ.ശശിധര കുറുപ്പിൽ നിന്ന് പള്ളിയറ ശശിയായ ജീവിത കഥ കേരള കൗമുദിയോട് പറയുകയാണ്. വീട്ടിൽ നിന്ന് പള്ളിക്കൂടത്തിലേക്കും പള്ളിക്കൂടത്തിൽ നിന്ന് വീട്ടിലേക്കും വയലും തോടും നിറഞ്ഞ ഗ്രാമ വഴികളിലൂടെ കൂട്ടുകാരോടൊപ്പം നടക്കുമ്പോൾ ശശിധര കുറുപ്പ് സംസാരിച്ചത് മുഴുവൻ റോഡുകളെ കുറിച്ചും വാഹനങ്ങളെ കുറിച്ചും ഡ്രൈവിംഗിനെ കുറിച്ചുമാണ്.കാവും കുളവും നിറഞ്ഞ കുടുംബ ക്ഷേത്രത്തിലെ ദേവിയോട് കുട്ടിയായ ശശിധരൻ ദിവസവും പ്രാർത്ഥിച്ചിരുന്നത് സ്വന്തമായി ഒരു ലോറി വാങ്ങാൻ കഴിയണേ എന്ന് മാത്രമായിരുന്നു.
കാളവണ്ടികളും കൈവണ്ടികളും സൈക്കിളുകളും നിറഞ്ഞ ഇളമ്പയിലെ ഗ്രാമ വീഥികളിലൂടെ വല്ലപ്പോഴുമാണ് വാഹനങ്ങൾ ഓടിയിരുന്നത്.എന്നിട്ടും ശശിധരൻ വാഹനങ്ങളേയും ഡ്രൈവിംഗിനേയും അതിരറ്റ് സ്നേഹിച്ചു.പതിനെട്ട് വയസായപ്പോൾ ഡ്രൈവിംഗ് പഠിക്കാൻ തീരുമാനിച്ചു. പഠന ഫീസായ 300 രൂപ ആദ്യം കൊടുക്കാൻ ഇല്ലാത്തതിനാൽ മൂന്ന് മാസം കെട്ടിടപ്പണിക്ക് പോയാണ് ആ പണം കണ്ടെത്തിയത്.ഒരു പൈസ പോലും വീട്ടിൽ നിന്ന് വാങ്ങിയില്ല.കുടുംബ ക്ഷേത്രത്തിൽ പോയി തൊഴുതതിന് ശേഷം അച്ഛൻ കൃഷ്ണക്കുറുപ്പിന്റെയും അമ്മ അംബുജാക്ഷിയുടെയും പാദങ്ങൾ തൊട്ടു വണങ്ങി ഡ്രൈവിംഗ് പഠനത്തിനായി പുറപ്പെട്ടു. ആറ്റിങ്ങലിൽ ഡ്രൈവിംഗ് സ്കൂൾ ഇല്ലാത്തതിനാൽ പതിനെട്ട് കിലോമീറ്റർ അകലെയുള്ള കഴക്കൂട്ടത്തെ ശങ്കർ മോട്ടോർ ഡ്രൈവിംഗ് സ്കൂളിലാണ് ചേർന്നത്.
ജീവിതത്തിലാദ്യമായി ഡ്രൈവിംഗ് സീറ്റിലിരുന്ന ശശിധര കുറുപ്പിന്റെ പഠനമികവിനെ ആശാനായ സദാശിവൻ നായർ അഭിനന്ദിച്ചത് ഇന്നും ഗുരുസ്മരണയോടെ മനസിലുണ്ട്.ആദ്യത്തെ പരീക്ഷയിലും പരീക്ഷണത്തിലും വിജയിച്ച ശശിധരൻ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കി.
സ്വന്തം വരുമാനത്തിലൂടെ നേടിയ ആ ഡ്രൈവിംഗ് ലൈസൻസാണ് കെ.ശശിധര കുറുപ്പിൽ നിന്ന് ജീവിത വിജയം നേടിയ ഇന്നത്തെ പള്ളിയറ ശശിയിലേക്കുള്ള വെളിച്ചവും വഴികാട്ടിയുമായത്.
ലൈസൻസുമായി മഹാരാഷ്ട്രയിലെ രത്നഗിരിയിലെ ഒരു കമ്പനിയിൽ രണ്ടര രൂപ ദിവസ വേതനത്തിൽ മെക്കാനിക്കൽ സഹായിയായി ജോലി നേടി.ശശിധരന്റെ ആത്മാർത്ഥതയും സത്യസന്ധതയും കണ്ടപ്പോൾ ആ കമ്പനിയിൽ തന്നെ മാസം 300 രൂപ ശമ്പളത്തിൽ ലോറി ഡ്രൈവറാകാൻ അവസരം കിട്ടി.രണ്ട് വർഷം മഹാരാഷ്ട്രയിൽ ജോലി ചെയ്ത ശേഷം നാട്ടിലേക്ക് തിരിച്ചു വന്നു.
നാട്ടിൽ വന്ന ശശിധര കുറുപ്പിന് ശിവഗിരി മഠത്തിൽ താമസിച്ച് മഠാധിപതിയുടെ ഡ്രൈവറായി ജോലി കിട്ടി.ആഹാരവും താമസവും ശിവഗിരിയിലായതിനാൽ കിട്ടിയ ഒരു രൂപ പോലും പാഴാക്കാതെ ശേഖരിച്ചു.ഗുരുദേവന്റെ അനുഗ്രഹമുള്ള ആ പൈസ കൊണ്ട് ശശിധര കുറുപ്പ് ഒരു ലോറി വാങ്ങി.ഇളമ്പയിലെ പ്രശസ്തമായ പള്ളിയറ ശ്രീ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ സെക്രട്ടറിയായ ശശിധരൻ ലോറിക്ക് 'പള്ളിയറ" എന്ന് പേരിട്ടു.അതോടെശശിധരനെ നാട്ടുകാർ പള്ളിയറ എന്ന് വിളിക്കാൻ തുടങ്ങി.മെല്ലെ മെല്ലെ ശശിധര കുറുപ്പ് പള്ളിയറ ശശിയായി മാറി. പള്ളിയറ ശശി അദ്ധ്വാനിച്ച് നേടിയതൊന്നും പാഴാക്കാതെ കൂടുതൽ കൂടുതൽ വാഹനങ്ങൾ സ്വന്തമാക്കി.അതോടൊപ്പം രാഷ്ട്രീയത്തിലേക്കും സജീവമായി. നക്സലൈറ്റ് മനോഭാവമുള്ള സി.പി.ഐ നേതാവായ ജ്യേഷ്ഠൻ അരവിന്ദാക്ഷന്റെ പാത പിന്തുടർന്ന് ശശിയും കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.കമ്യൂണിസ്റ്റുകാരനായിട്ടും കുട്ടിക്കാലം മുതലേയുള്ള ആത്മീയത കൈവിടാൻ പള്ളിയറ ശശി തയ്യാറായില്ല.ആദ്യമായി പഞ്ചായത്തംഗമായതു മുതൽ ഇതുവരെ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന കമ്യൂണിസ്റ്റുകാരനാണ് പള്ളിയറ ശശി.അന്നും ഇന്നും പള്ളിയറ ശശിയുടെ അദ്ധ്വാനത്തിൽ നിന്ന് നേടിയ സമ്പത്താണ് രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കുന്നത്.
ഗ്രാമ പ്രദേശമായ മുദാക്കൽ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ റോഡുകളും പാലങ്ങളും നിർമ്മിച്ചത് പള്ളിയറ ശശിയാണ്. മുദാക്കൽ പഞ്ചായത്തിലെ വികസന നായകനാണ് പള്ളിയറ ശശി.ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്കായി ഒരു സ്കൂൾ തുടങ്ങിയത് പള്ളിയറ ശശിയുടെ കഠിനാദ്ധ്വാനമാണ്.ആരേയും അറിയിക്കാതെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കൊവിഡ് കാലത്ത് രണ്ട് ലോഡ് പച്ചക്കറിയാണ് കവറുകളിലാക്കി ഓരോ വീടുകളിലും സൗജന്യമായി കൊടുത്തത്.കൊവിഡ് കാലത്ത് ഭക്ഷണവും സൗജന്യമായി നൽകി.ഇപ്പോൾ മുദാക്കൽ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ് പദവിയിൽ എത്തിയതോടെ സമഗ്ര വികസനം നടത്താനുള്ള ശ്രമത്തിലാണ് പള്ളിയറ ശശി. പഞ്ചായത്തിലെ എല്ലാ റോഡുകളും നവീകരിക്കണം.പരിസ്ഥിതിയിൽ അധിഷ്ഠിതമായ വികസനമാണ് പള്ളിയറ ശശി ആഗ്രഹിക്കുന്നത്.തോടുകളും കുളങ്ങളും ഉൾപ്പെടെയുള്ള നീർച്ചാലുകൾ വൃത്തിയാക്കി സംരക്ഷിക്കാനാണ് പരിഗണന കൊടുക്കുന്നത്.അതോടൊപ്പം അങ്കണവാടികളെയും പ്രാഥമികാരോഗ്യ കേന്ദ്രത്തെയും ആധുനികവൽക്കരിക്കണം.ശുദ്ധജലവും ശുദ്ധവായുവുമുള്ള ഒരു പഞ്ചായത്തായി മുദാക്കലിനെ മാറ്റിയെടുക്കാനാണ് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പള്ളിയറ ശശിയുടെ ശ്രമം. പൗർണ്ണമിക്കാവിലെ ദേവിയാണ് ഇന്ന് പള്ളിയറ ശശിയുടെ ആശ്വാസം.സുഹൃത്തായ കിളിമാനൂർ അജിത്താണ് പള്ളിയറ ശശിയെ വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ കൊണ്ടുപോയത്.രാഷ്ട്രീയത്തിലും വ്യവസായത്തിലും നേരിടുന്ന പ്രതിസന്ധികൾക്ക് ആശ്വാസം നൽകുന്നത് പൗർണ്ണമിക്കാവിൽ എത്തുമ്പോഴാണ് കിട്ടുന്നതെന്ന് പള്ളിയറ ശശി പറയുന്നു.
ഇന്ദിരാ ദേവിയാണ് പള്ളിയറ ശശിയുടെ ഭാര്യ.അജിതയും ബാവയുമാണ് മക്കൾ.സൂരജും അഭിലാഷും മരുമക്കൾ. അനുഗ്രഹയും കാർത്തികയും കൊച്ചുമക്കൾ.
പൗർണ്ണമിക്കാവിലെ മഠാധിപതി സിൻഹാ ഗായത്രിയും മുഖ്യകാര്യദർശി എം. എസ് ഭുവനചന്ദ്രനുമാണ് രാഷ്ട്രീയത്തിനതീതമായി പള്ളിയറ ശശിയുടെ വഴികാട്ടികൾ.ഇന്ന് പള്ളിയറ ശശിയുടെ ഓരോ ശ്വാസത്തിലും കോശത്തിലും നിറഞ്ഞിരിക്കുന്നത് പൗർണ്ണമിക്കാവിലെ ദേവീ ദേവൻമാരാണ്.വന്ന വഴികൾ മറക്കാത്തതു കൊണ്ട് ആദ്യം വാങ്ങിയ ലോറി ഇന്നും നിധി പോലെ സൂക്ഷിക്കുന്നു.വളയം പിടിച്ച് കോടികൾ സമ്പാദിക്കാമെന്നും ആ സമ്പാദ്യത്തിന്റെ ഒരു വിഹിതം കൊണ്ട് ജനോപകാരപ്രദമായ സേവനങ്ങൾ നടത്താമെന്നും തെളിയിച്ച മാതൃകാ രാഷ്ട്രീയക്കാരനാണ് പള്ളിയറ ശശി.
മരുന്നും മന്ത്രവും
പള്ളിയറ ശശി സ്ഥിരമായി പോകുന്ന ആശുപത്രിയിൽ ചെക്കപ്പ് കഴിഞ്ഞ് പിറ്റേ ദിവസം പൗർണ്ണമിക്കാവിലെത്തി.പൗർണ്ണമി ദിവസം അനുഗ്രഹിക്കുന്ന ഈശ്വരീയ ശക്തി പള്ളിയറ ശശിയോട് പറഞ്ഞു-"ഒന്നു കൂടി പരിശോധിക്കണം.വയറിനുള്ളിൽ ചെറിയൊരു പ്രശ്നമുണ്ട്".ഈശ്വരീയ ശക്തി പറഞ്ഞതു കൊണ്ടു മാത്രം പിറ്റേ ദിവസം ഒരിക്കൽ കൂടി പരിശോധനക്ക് പോയി.ശരിയാണ്,ചെറുതല്ല വലിയ പ്രശ്നമാണ് വയറിനുള്ളിലുള്ളത്. എറണാകുളം ലേക്ക്ഷോർ ഹോസ്പിറ്റലിലാണ് സർജറി നടത്തിയത്.പള്ളിയറ ശശി പറയുന്നു-"മരുന്ന് മാത്രം പോര.മന്ത്രം മാത്രവും പോര.മരുന്നും മന്ത്രവും ചേരുന്നതാണ് മനുഷ്യന്റെ ആയുസും ആരോഗ്യവും.പൗർണ്ണമിക്കാവിലെ അമ്മ ഉള്ളതു കൊണ്ടാണ് ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത്."