explainer

സൗരയുഥത്തെക്കുറിച്ചും അവിടെയുള്ള ഗ്രഹങ്ങളെക്കുറിച്ചും പഠനങ്ങൾ ആരംഭിച്ചിട്ട് വർഷങ്ങളായി. എന്നാൽ, ഭൂമിയിലല്ലാതെ മറ്റൊരു ഗ്രഹത്തിലും ഇന്നേവരെ മനുഷ്യന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല. ചില ഗ്രഹങ്ങളിൽ നിന്നും വെള്ളത്തിന്റെയും ബാക്‌ടീരിയകളുടെയും സാന്നിദ്ധ്യം ഉള്ളതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതിന്റെയൊന്നും സത്യാവസ്ഥ സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോഴിതാ ശുക്രനിൽ ജീവന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ശാസ്‌ത്രജ്ഞർ.

ജീവനുള്ളിടത്ത് മാത്രം കാണപ്പെടുന്ന ഫോസ്‌‌ഫീൻ എന്ന വാതകത്തെയും അമോണിയ വാതകത്തിന്റെയും സാന്നിദ്ധ്യമാണ് രണ്ട് സംഘം ശാസ്‌ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ബയോസിഗ്നേച്ചർ ഗ്യാസ് എന്നാണ് ഫോസ്‌ഫീൻ അറിയപ്പെടുന്നത്. ഇത് ഭാവിയിൽ ശുക്രനിലേക്കുള്ള ബഹിരാകാശ ദൗത്യങ്ങൾക്കുള്ള തുടക്കമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

4

ശുക്രൻ

സൗരയുഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. സൗരയുഥത്തിലെ ആറാമത്തെ ഗ്രഹം കൂടിയാണിത്. ഭൂമിയുമായി സാമ്യമുള്ളതിനാൽ 'ഭൂമിയുടെ ഇരട്ട' എന്ന വിളിപ്പേരും ഈ ഗ്രഹത്തിനുണ്ട്. എന്നാൽ, ഭൂമിയെപ്പോലെ ഇത് വാസയോഗ്യമല്ല. ദി ഗാർഡിയൻ പറയുന്നതനുസരിച്ച് 450 ഡിഗ്രി സെൽഷ്യസാണ് ശുക്രന്റെ ഉപരിതലത്തിലെ ചൂട്. അതായത്, സിങ്ക് പോലുള്ള ലോഹങ്ങൾ ഉരുക്കാൻ ആവശ്യമായ ചൂട്.

ശുക്രന്റെ അന്തരീക്ഷത്തിൽ 96 ശതമാനവും ബാർബൺഡൈഓക്‌സൈഡാണ്. ബാക്കിയുള്ളതിൽ 3.5 ശതമാനം നൈട്രജനാണ്. ബാക്കി കാർബൺ മോണോക്സൈഡ്, സൾഫർ ഡയോക്സൈഡ്, ജലബാഷ്പം, ആർഗോൺ, ഹീലിയം തുടങ്ങിയവ ചെറിയ അളവിലുണ്ട്.

1

എന്താണ് ഫോസ്‌ഫീൻ?

ശുക്രന്റെ മേഘങ്ങളിൽ ഫോസ്‌ഫീനിന്റെ അംശം ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തത്. നിറമില്ലാത്ത ജ്വലിക്കുന്ന സ്‌ഫോടനാത്മകമായ വാതകമാണ് ഫോസ്‌ഫീൻ. വെളുത്തുള്ളി അല്ലെങ്കിൽ ചീഞ്ഞ മത്സ്യത്തിന്റേത് പോലെയാണ് മണം. ഇലക്‌ട്രോണിക്‌ വസ്‌തുക്കൾ, എലിവിഷം എന്നിവ നിർമിക്കുന്ന ഫാക്‌ടറികളിൽ ഉൾപ്പെടെ നിരവധി വ്യവസായങ്ങളിൽ ഇത് ഉപയോഗിക്കുന്നു.

ഓക്‌സിജൻ കുറവുള്ള സാഹചര്യങ്ങളിൽ ബാക്‌ടീരിയയാണ് ഫോസ്‌ഫീൻ ഉൽപ്പാദിപ്പിക്കുന്നത്. അതിനാലാണ് ശാസ്‌ത്രജ്ഞർ ഇതിനെ ബയോസിഗ്നേച്ചർ വാതകം എന്ന് വിളിക്കുന്നത്. കാർഡിഫ് സർവകലാശാലയിലെ ജെയ്‌ൻ ഗ്രേവ്‌സാണ് പഠന സംഘത്തിന്റെ തലവൻ. ഇവർ ടെലിസ്‌കോപ്പിലൂടെ ശുക്രന്റെ മേഘങ്ങൾ നിരീക്ഷിച്ചു. നേച്ചർ ആസ്‌ട്രോണമി എന്ന ജേണലിലാണ് സംഘം പഠന വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. യുകെയിലെ ഹളിൽ നടന്ന ദേശീയ ജ്യോതിശാസ്‌ത്ര യോഗത്തിൽ ഗവേഷണം അവതരിപ്പിക്കുകയും ചെയ്‌തു.

ശുക്രനിൽ ഫോസ്‌ഫീൻ കണ്ടെത്തിയ സ്ഥലത്ത് ഏകദേശം 75 ഡിഗ്രി സെൽഷ്യസാണ്. ഭൂമിയുടെ ഉപരിതലത്തിന് സമാനമാണ് മർദം. ഈ പ്രദേശം അസിഡിറ്റി ക്ലൗഡ് ഡെക്കിന് കീഴിലാണെന്നാണ് ശാസ്‌ത്രജ്ഞർ പറയുന്നത്. ഫോസ്‌ഫീൻ ഉൽപ്പാദിപ്പിക്കുന്നത് എന്തിൽ നിന്നാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ജീവനുള്ള ബാക്‌ടീരിയയുടെ സാന്നിദ്ധ്യം അവിടെ ഉണ്ടാകാനാണ് സാദ്ധ്യത കൂടുതലെന്നാണ് ശാസ്‌ത്രജ്ഞർ പറയുന്നു. ഇതിന് മുമ്പും ജെയ്‌ൻ ഗ്രേവ്‌സ് കണ്ടെത്തലുകൾ നടത്തിയിരുന്നു.

2

അമോണിയയുടെ സാന്നിദ്ധ്യം

മറ്റൊരു സംഘമാണ് ശുക്രനിൽ അമോണിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഗ്രീൻ ബാങ്ക് ദൂരദർശിനിയിലൂടെയാണ് ഇത് കണ്ടെത്തിയത്. ഭൂമിയിൽ, വ്യാവസായിക പ്രക്രിയകളുടെ ഫലമായി അല്ലെങ്കിൽ നൈട്രജൻ -പരിവർത്തനം ചെയ്യുന്ന ബാക്ടീരിയകളാണ് അമോണിയ ഉൽപ്പാദിപ്പിക്കുന്നത്. ശുക്രനിൽ ബാക്‌ടീരിയകളുടെ സാന്നിദ്ധ്യം ഉണ്ടാകാമെന്ന് തന്നെയാണ് ഈ ശാസ്ത്ര സംഘവും അവകാശപ്പെടുന്നത്.

ശുക്രനിൽ ജീവന്റെ അംശം ഉണ്ടോ?
ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ശാസ്ത്ര സംഘത്തിന് കഴിഞ്ഞിട്ടില്ല. അതിനാൽതന്നെ പല തരത്തിലുള്ള നിഗമനങ്ങളിലേക്കാണ് ഇവർ എത്തിയിരിക്കുന്നത്. ശുക്രൻ കാലങ്ങൾക്ക് മുമ്പ് എപ്പോഴെങ്കിലും വെള്ളത്തിന്റെ അംശം ഉണ്ടായിരുന്നിരിക്കാം. ഈ ഭാഗത്ത് അമിതമായി ചൂടേറ്റപ്പോൾ ആഗോള താപനം ഉണ്ടാവുകയും ഇതിലൂടെയാകാം ഫോസ്‌ഫീൻ ഉണ്ടായതെന്നാണ് ഒരു ജ്യോതിശാസ്‌ത്രജ്ഞന്റെ നിഗമനം. ശുക്രന്റെ അന്തരീക്ഷത്തിൽ നിന്ന് ഇതിന് മുമ്പും പല തരത്തിലുള്ള വിചിത്ര വാതകങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് മറ്റ് ചിലർ പറയുന്നത്. വിശദമായ പഠനങ്ങളിലൂടെ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ സാധിക്കുകയുള്ളു.