പാരീസ് : ഒളിമ്പിക്സിലെ ആദ്യ പോരാട്ടത്തിൽ മൊറോക്കോയുമായി അവസാന നിമിഷം ഗോളടിച്ച് 2-2ന് സമനിലയിൽ പിരിഞ്ഞെങ്കിലും വിശദപരിശോധനകൾക്ക് ശേഷം അന്തിമവിധി വന്നപ്പോൾ അർജന്റീനയുടെ പുരുഷ ഫുട്ബാൾ ടീമിന് 2-1ന്റെ തോൽവി. അർജന്റീന സമനില ഗോൾ നേടിയത് ഓഫ്സൈഡിലൂടെയാണെന്ന് പറഞ്ഞ് മൊറോക്കോ താരങ്ങൾ ബഹളം വച്ചത് മത്സരം അവസാനിപ്പിക്കുന്നത് വൈകിപ്പിച്ചു. ഒടുവിൽ റഫറി ഫൈനൽ വിസിൽ മുഴക്കിയശേഷം വാർ പരിശോധന നടത്തി ഓഫ് സൈഡാണെന്ന് വിധിച്ച് ഗോൾ റദ്ദാക്കുകയായിരുന്നു .സെന്റ് എറ്റീൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 16 മിനിട്ട് നീണ്ട രണ്ടാം പകുതിയുടെ ഇൻജുറി ടൈമിന്റെ അവസാന സെക്കൻഡിലാണ് അർജന്റീനയുടെ ഓഫ്സൈഡ് ഗോൾ പിറന്നത്.
സൗഫിയാനേ റഹിമിയാണ് മൊറോക്കോയുടെ രണ്ടുഗോളുകളും നേടിയത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിലായിരുന്നു റഹിമിയുടെ ആദ്യ ഗോൾ. 49-ാം മിനിട്ടിൽ അഷ്റഫ് ഹക്കിമിയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിലൂടെയാണ് റഹിമി ലീഡുയർത്തിയത്. 68-ാം മിനിട്ടിൽ ഗ്വിലിയാനോ സിമയോണി അർജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോളടിച്ചു. ഇൻജുറി ടൈമിന്റെ 16-ാം മിനിട്ടിലാണ് ക്രിസ്റ്റ്യൻ മെദീന മൊറോക്കോയുടെ വലയിൽ പന്തെത്തിച്ചത്.
മറ്റൊരു പ്രാഥമിക റൗണ്ട് മത്സരത്തിൽ ഗ്രൂപ്പ് സിയിൽ സ്പെയ്ൻ 2-1ന് ഉസ്ബക്കിസ്ഥാനെ തോൽപ്പിച്ചു.