ന്യൂഡൽഹി : കേരളത്തിൽ ട്രെയിൽ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ഇക്കൊല്ലം 2500 ജനറൽ കോച്ചുകൾ കൂടുതൽ നിർമ്മിക്കുന്നു. മൂന്നു വർഷത്തിനുള്ളിൽ 10,000 ജനറൽ കോച്ചുകളും നിർമ്മിക്കും.
കേരളത്തിലെ പദ്ധതികൾ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണ വേണം. റെയിൽ പാതയോട് ചേർന്നാണ് ജനവാസ കേന്ദ്രങ്ങൾ. സാങ്കേതിക തടസങ്ങൾ സ്വാഭാവികമാണെങ്കിലും പദ്ധതികൾ ജനങ്ങളെ നേരിട്ടു ബാധിക്കുന്നതിനാൽ കൂടുതൽ ഉൗന്നൽ നൽകണം. ജനസാന്ദ്രത കൂടുതലുള്ള കേരളത്തിൽ റെയിൽവേയെ ആശ്രയിക്കുന്നവർ കൂടുതലാണ്.
ഒരോ ട്രെയിനും നിശ്ചിത സമയത്തു തന്നെ ഒാടണം. പുതിയ ട്രെയിൻ വരുമ്പോൾ ടൈംടേബിൾ മാറ്റും. ഒരു ട്രെയിൻ കാരണം മറ്റൊന്ന് വൈകില്ല. കേരളത്തിൽ വന്ദേഭാരത് കാരണം മറ്റ് ട്രെയിനുകൾ പിടിച്ചിടുകയും വൈകുകയും ചെയ്യുന്നില്ല. പാലക്കാട് ഡിവിഷൻ മാറ്റില്ല. മറിച്ചുള്ള അഭ്യൂഹങ്ങൾ ആശ്ചര്യപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.