hardik-pandya

പല്ലെക്കെലേ: പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും കീഴില്‍ തങ്ങളുടെ ആദ്യ പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ലോകചാമ്പ്യന്‍മാരായ ഇന്ത്യ. ജൂലായ് 27 ശനിയാഴ്ചയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ട്വന്റി 20 മത്സരം നടക്കുക. ഇതിന് മുന്നോടിയായ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വിളിച്ച ടീം മീറ്റിംഗില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. രോഹിത് ശര്‍മ്മ നായകനായിരുന്നപ്പോള്‍ ഉപനായകനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. രോഹിത് വിരമിച്ചപ്പോള്‍ പകരം ക്യാപ്റ്റനാക്കാത്തതിന്റെ കലിപ്പാണ് പാണ്ഡ്യക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.

രോഹിത് വിരമിച്ചപ്പോള്‍ സ്വാഭാവികമായും ട്വന്റി 20യില്‍ ഹാര്‍ദിക് നായക സ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് സൂര്യക്ക് നറുക്ക് വീണത്. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, പരിശീലകന്‍ ഗൗതം ഗംഭീര്‍, ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് ഹാര്‍ദിക് നായകനാകുന്നതിനോട് താത്പര്യമില്ലായിരുന്നു. മറ്റ് താരങ്ങളോടുള്ള മോശം പെരുമാറ്റവും ഒപ്പം സ്ഥിരമായി പരിക്ക് പറ്റുന്നതും ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി മോഹങ്ങള്‍ക്ക് വിലങ്ങ്തടിയാകുകയും ചെയ്തു.

സീനിയര്‍ താരങ്ങളോട് പലതവണ ഹാര്‍ദിക് മോശമായി പെരുമാറിയിട്ടുണ്ട്. ക്യാപ്റ്റനായ ശേഷം ലങ്കന്‍ പരമ്പരയ്ക്ക് മുന്നോടിയായി സൂര്യകുമാര്‍ വിളിച്ച ടീം മീറ്റിങ്ങില്‍ നിന്ന് ഹാര്‍ദിക് വിട്ടുനിന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഐപിഎല്ലില്‍ മുംബയ് ഇന്ത്യന്‍സിനായി ദീര്‍ഘകാലം ഒന്നിച്ച് കളിച്ചവരാണ് ഹാര്‍ദിക്കും സൂര്യയും. കഴിഞ്ഞ സീസണില്‍ ഹാര്‍ദിക്കിനു കീഴില്‍ സൂര്യ മുംബയ് ടീമില്‍ കളിക്കുകയും ചെയ്തിരുന്നു.

ശ്രീലങ്കയിലേക്ക് യാത്രതിരിക്കും മുമ്പ് വിമാനത്താവളത്തില്‍വെച്ച് കണ്ടപ്പോള്‍ സൂര്യയെ കെട്ടിപ്പിടിക്കുന്ന ഹാര്‍ദിക്കിന്റെ ചിത്രം വൈറലാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയാണ് ക്യാപ്റ്റനായ ശേഷം സൂര്യ വിളിച്ചുകൂട്ടിയ ആദ്യ ടീം മീറ്റിങ്ങില്‍ തന്നെ ഹാര്‍ദിക് പങ്കെടുക്കാതിരുന്നത്. ലങ്കയിലെത്തിയ ഇന്ത്യന്‍ ടീമിന്റെ ആദ്യ പരിശീലന സെഷന്‍ ബുധനാഴ്ചയായിരുന്നു. ഇതിനു മുമ്പായി വിളിച്ച യോഗത്തിലാണ് ഹാര്‍ദിക് പങ്കെടുക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതിനു പിന്നാലെ നടന്ന പരിശീലന സെഷനില്‍ ഹാര്‍ദിക് പങ്കെടുത്തു.

അതിനിടെ പരിശീലകന്‍ ഗൗതം ഗംഭീര്‍ ദീര്‍ഘനേരം പാണ്ഡ്യയുമായി സംസാരിച്ചുവെന്നാണ് വിവരം. പരിശീലന സെഷനില്‍ വെച്ചായിരുന്നു ഇത്. സൗഹൃദപരമായ ഒരു ഡ്രസ്സിങ് റൂം ഉണ്ടാക്കിയെടുക്കുന്നതിനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് ഗംഭീര്‍ പറഞ്ഞിരുന്നു. ഡ്രസ്സിങ് റൂം സാഹചര്യങ്ങള്‍ നന്നായെങ്കില്‍ മാത്രമേ ടീമിന് വിജയം നേടാനാകൂ എന്നും ഗംഭീര്‍ പറഞ്ഞിരുന്നു. ഗംഭീറിന്റെ കീഴില്‍ ടീം ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കുമെന്നാണ് ആരാധകരും ബിസിസിഐയും കരുതുന്നത്. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ഗംഭീറിന്റെ കൂടി ആവശ്യവുമാണ്.