pic

വാഷിംഗ്ടൺ : ഗാസയിൽ ആക്രമണം തുടരുന്നതിനിടെ യു.എസിന്റെ പിന്തുണ കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വാഷിംഗ്ടണിലെത്തിയ നെതന്യാഹു യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.

നീതിക്കായുള്ള തങ്ങളുടെ യുദ്ധത്തിന് പിന്നിലെ സത്യങ്ങൾ യു.എസ് കോൺഗ്രസിൽ തുറന്നുകാട്ടുമെന്ന് നെതന്യാഹു പ്രതികരിച്ചു. പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപുമായി നെതന്യാഹു ഇന്ന് ഫ്ലോറിഡയിൽ പ്രത്യേക ചർച്ചയും നടത്തും.

അതേ സമയം, നെതന്യാഹുവിന്റെ അഭിസംബോധനയിൽ പങ്കെടുക്കേണ്ട എന്നാണ് ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിയിലെ 30ലേറെ കോൺഗ്രസ് അംഗങ്ങളുടെ തീരുമാനം. ഗാസയിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഇവർ സമ്മേളനത്തിന് മുമ്പ് വ്യക്തമാക്കി. ഗാസ യുദ്ധം തുടങ്ങിയ ശേഷം നെതന്യാഹു നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണ് യു.എസിലേത്. നെതന്യാഹുവിന്റെ സന്ദർശനത്തിനെതിരെ പാലസ്തീൻ അനുകൂലികളുടെ വ്യാപക പ്രതിഷേധവും യു.എസിൽ ഉയരുന്നുണ്ട്.

 മരണം 39,000 കടന്നു

ഗാസയിൽ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 39,000 കടന്നു. ഖാൻ യൂനിസിലടക്കം ഇന്നലെ ശക്തമായ ആക്രമണങ്ങളുണ്ടായി. 24 മണിക്കൂറിനിടെ 55 പേർ കൊല്ലപ്പെട്ടു. അതിനിടെ, ഗാസയിലെ മലിനജലത്തിൽ പോളിയോ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത് ആശങ്ക ഉയർത്തുന്നുണ്ട്. വൈറസിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.