ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായ മാറ്റിയ പദ്ധതിയാണ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍. രാജ്യത്തെ വിവിധ റൂട്ടുകളിലൂടെ സര്‍വീസ് നടത്തുന്ന ആധുനിക സൗകര്യങ്ങളുള്ള ട്രെയിന്‍ എല്ലാ വിഭാഗം യാത്രക്കാര്‍ക്കിടയിലും സൂപ്പര്‍ഹിറ്റാണ്. എന്നാല്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്ന ഈ പ്രീമിയം ട്രെയിന്‍ നിര്‍മിക്കുന്നതിലും ട്രാക്കില്‍ ഇറക്കുന്നതിലും കൂടുതല്‍ ശ്രദ്ധ നല്‍കുന്ന റെയില്‍വേ സാധാരണക്കാരെ മറന്നുവെന്ന വിമര്‍ശനവും ശക്തമാണ്.
കൂടുതല്‍ പണം ലഭിക്കുന്ന വന്ദേഭാരത് നിര്‍മ്മിക്കുമ്പോള്‍ സാധാരണക്കാരനെ മറക്കുന്നുവെന്ന പരാതിക്ക് പരിഹാരം കാണുകയാണ് റെയില്‍വേ ഇപ്പോള്‍. പുതിയതായി ജനറല്‍ കോച്ചുകള്‍ ഈ സാമ്പത്തിക വര്‍ഷം നിര്‍മിക്കും. വന്ദേഭാരത്, അമൃത് ഭാരത് പദ്ധതികളില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രഖ്യാപനം വരും. അഞ്ച് വന്ദേഭാരത് ട്രെയിനുകള്‍ ഉടന്‍ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുകയാണ് റെയില്‍വേ. ഇതില്‍ കേരളം ഏറെ കാത്തിരിക്കുന്ന കൊച്ചി- ബംഗളൂരു സര്‍വീസും ഉള്‍പ്പെടാന്‍ സാദ്ധ്യതയുണ്ട്. തിരുവനന്തപുരം - ചെന്നൈ നഗരങ്ങളെ ബന്ധിപ്പിച്ച് നാലാം വന്ദേഭാരതും ലഭിച്ചേക്കാം.
സാധാരണ യാത്രക്കാരെ പരിഗണിക്കുന്നുണ്ടെന്ന് അശ്വിനി വൈഷ്ണവ്
വരുമാനം കുറവുള്ള ജോലികള്‍ ചെയ്യുന്ന സാധാരണക്കാരായ വലിയൊരു വിഭാഗം ജനങ്ങള്‍ രാജ്യത്തുണ്ട്. അവരുടെ ക്ലേശം സര്‍ക്കാര്‍ കണക്കിലെടുക്കും. അതോടൊപ്പം പുതിയ അഭിലാഷങ്ങളുടെ ഒരു തലമുറയും നമുക്കുണ്ട്. ഈ വിഭാഗത്തില്‍ പെടുന്നവരുടെ താത്പര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ട് രണ്ടു വിഭാഗങ്ങളെയും റെയില്‍വേ പരിഗണിക്കുന്നുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.
എ.സി കോച്ചും നിശ്ചിത എണ്ണം സാധാരണ കോച്ചുകളുംനിര്‍മിക്കാന്‍ പദ്ധതിയുണ്ട്.. എ.സിയല്ലാത്ത രണ്ട് കോച്ച് ഒരു എ.സി കോച്ച് എന്നതാണ് അനുപാതം. നോണ്‍-എ.സി ബോഗികള്‍ കൂട്ടണമെന്ന ആവശ്യം കൂടുതലായി ഉയരുന്നുണ്ട്. 2,500 നോണ്‍-എ.സി കോച്ചുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 10,000 നോണ്‍-എ.സി കോച്ചുകള്‍ നിര്‍മിക്കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.