gulf

ദുബായ്: കേന്ദ്ര സര്‍ക്കാര്‍ ബജറ്റില്‍ സ്വര്‍ണത്തിനുള്ള ഇറക്കുമതി തീരുവ കുറച്ചതോടെ നാട്ടിലെ സ്വര്‍ണവിലയും ദുബായ് മാര്‍ക്കറ്റിലെ വിലയും തമ്മിലുള്ള അന്തരം ഗണ്യമായി കുറഞ്ഞു. അഞ്ച് ശതമാനം വരെ ഇന്ത്യയിലെ വിലയെക്കാള്‍ അപ്പോഴും കുറവായിരിക്കും ദുബായിലെ വില എന്നത് ശ്രദ്ധേയമാണ്. നാട്ടില്‍ സ്വര്‍ണത്തിന് വില ഓരോ ദിവസവും കുതിച്ചിരുന്ന സമയത്ത് വിവാഹ ആവശ്യത്തിനും മറ്റുമായി സ്വര്‍ണം വാങ്ങാന്‍ വേണ്ടി മാത്രം ഗള്‍ഫിലേക്ക് നിരവധിപേര്‍ പോയിരുന്നു. ഈ എണ്ണത്തില്‍ ഇനി ഗണ്യമായ കുറവ് വരുമെന്നാണ് വിലയിരുത്തല്‍.

നാട്ടിലെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ പവന് ആറായിരം രൂപ വരെ വ്യത്യാസമുണ്ടായിരുന്നു യുഎഇയില്‍. എന്നാല്‍ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിലയിലെ വ്യത്യാസം കുറച്ചു. ഇതോടെ സ്വര്‍ണം വാങ്ങാന്‍ വേണ്ടി മാത്രം ദുബായിലേക്ക് പോകുന്നത് പ്രായോഗികമായി നഷ്ടമായി. വിമാനടിക്കറ്റ്, താമസം തുടങ്ങിയ ചിലവുകള്‍ കൂടി ചേര്‍ത്ത് നോക്കുമ്പോള്‍ നാട്ടില്‍ നിന്ന് വാങ്ങുന്നതാണ് ലാഭം.

അതേസമയം, നാട്ടിലെ സ്വര്‍ണത്തെക്കാള്‍ പരിശുദ്ധിയും ഗുണമേന്മയും യുഎഇയിലെ സ്വര്‍ണത്തിന് കൂടുതലാണ്. യുഎഇയില്‍ എവിടെ നിന്ന് സ്വര്‍ണം വാങ്ങിയാലും 5% മൂല്യ വര്‍ദ്ധിത നികുതി നല്‍കണം. അതേസമയം, സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ഈ നികുതി അവരുടെ മടക്കയാത്രയില്‍ വിമാനത്താവളത്തില്‍ നിന്നു തിരികെ ലഭിക്കും. പാസ്‌പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി നല്‍കി സ്വര്‍ണം ബില്‍ ചെയ്യണമെന്നു മാത്രം. കടകളില്‍ നല്‍കുന്ന 5 ശതമാനം നികുതി വിമാനത്താവളത്തില്‍ വാറ്റ് കൗണ്ടറുകളില്‍ ബില്ല് കാണിച്ചാല്‍ തിരികെ ലഭിക്കും.

ഫലത്തില്‍ ദുബായില്‍ നിന്നു വാങ്ങുന്ന സ്വര്‍ണത്തിന് ഒരു രൂപ പോലും നികുതി നല്‍കേണ്ടിവരില്ല. ഇന്ത്യയില്‍ 15 ശതമാനം നികുതിയുണ്ടായിരുന്നപ്പോള്‍ ആയിരക്കണക്കിന് ആളുകളാണ് സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തി സ്വര്‍ണം വാങ്ങി മടങ്ങിയിരുന്നത്.കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിലൂടെ കേരളത്തിലെ പ്രവാസി കുടുംബങ്ങള്‍ക്ക് ഗള്‍ഫില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഇറക്കുമതി തീരുവ 15 ശതമാനമായിരുന്നപ്പോള്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന സ്വര്‍ണത്തിന്റെ അളവില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.

നിയമപ്രകാരം ഒരാള്‍ക്ക് വിദേശത്ത് നിന്ന് പരമാവധി ഒരു കിലോ സ്വര്‍ണമാണ് ഡ്യൂട്ടി അടച്ച് കൊണ്ടുവരാവുന്നത്. വെള്ളിയാണെങ്കില്‍ 100 ഗ്രാമും. പുതിയ ഇറക്കുമതി നികുതി നിരക്ക് അനുസരിച്ച് അഞ്ച് പവന്‍ സ്വര്‍ണം കൊണ്ടു വരുമ്പോള്‍ പതിനായിരത്തോളം രൂപയുടെ കുറവ് വരും. ബജറ്റില്‍ നികുതി കുറച്ചതോടെ ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണത്തിന് പെട്ടെന്ന് ഡിമാന്റ് കുറയുകയാണെങ്കില്‍ ദുബായ് മാര്‍ക്കറ്റില്‍ വിലകുറയാന്‍ സാദ്ധ്യത കൂടുതലാണ്.