rubber

പത്തനംതിട്ട: കേന്ദ്രബഡ്ജറ്റില്‍ നീക്കിവച്ച 320 കോടി കൊണ്ട് കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രയോജനമുണ്ടാകില്ലെന്ന് കര്‍ഷക സംഘടനകള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപകമായതാണ് കേരളത്തിന് തിരിച്ചടിയാകുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ റബര്‍ കൃഷിക്കാണ് റബര്‍ ബോര്‍ഡ് പ്രാധാന്യം നല്‍കുന്നത്. അവിടെ കൃഷി ചെയ്യാന്‍ ഒരു ഹെക്ടറിന് ഒന്നര ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കും. തൈകളും സൗജന്യ നിരക്കില്‍ വിതരണം ചെയ്യും. കേന്ദ്ര ബഡ്ജറ്റില്‍ അനുവദിച്ച തുക ഇതിനായി വിയോഗിക്കുമെന്നാണ് കേരളത്തിലെ കര്‍ഷകരുടെ ആശങ്ക. സംസ്ഥാനത്ത് റബര്‍ കൃഷിക്ക് ഒരു ഹെക്ടറിന് ഇരുപത്തയ്യായിരം രൂപയാണ് സബ്‌സിഡി . ഇത് ഏഴു വര്‍ഷത്തിനുള്ളില്‍ പല തവണകളായാണ് ലഭിക്കുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദുര്‍ബല വിഭാഗങ്ങളെന്ന പരിഗണനയില്‍ കൂടുതല്‍ സബ്‌സിഡി നല്‍കി ട്രൈബല്‍ വിഭാഗങ്ങള്‍ക്കിടയിലാണ് റബര്‍ ബോര്‍ഡ് നേരിട്ട് കൃഷി നടത്തുന്നത്. കേരളത്തില്‍ റബര്‍ മരങ്ങള്‍ക്കുള്ള മഴമറയ്ക്ക് സ്‌പൈസസ് ബോര്‍ഡ് സബ്‌സിഡി നല്‍കുന്നുണ്ട്. ഒരു ഹെക്ടറിന് അയ്യായിരം രൂപ വരെ ലഭിച്ചിരുന്നത് അടുത്തകാലത്തായി മുടങ്ങി. ചില ജില്ലകളിലെ കര്‍ഷകര്‍ക്ക് നാലായിരം രൂപയേ ലഭിച്ചിട്ടുള്ളൂ. റബറിന്റെ താങ്ങുവില 250 രൂപയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ജനിതക തൈകളെ അകറ്റിയത് വിനയായി

ഉത്പാദക മികവും രോഗ പ്രതിരോധവും ലക്ഷ്യമിട്ട് റബര്‍ ബോര്‍ഡിന്റെ ഗവേഷണ വിഭാഗം ജനിതക മാറ്റംവരുത്തി വികസിപ്പിച്ചെടുത്ത തൈകള്‍ കേരളത്തില്‍ കൃഷി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ജനിതക വിത്തുകള്‍ നിരോധിച്ച കൂട്ടത്തിലാണ് റബറും ഉള്‍പ്പെട്ടത്. റബര്‍ ബോര്‍ഡ് പ്രോത്സാഹിപ്പിക്കുന്ന ജനിതക തൈകളാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൃഷി ചെയ്യുന്നത്. ഇത് കേരളത്തില്‍ കൃഷി ചെയ്യാന്‍ അനുവദിക്കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.


റബര്‍ കൃഷി തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍

ആസാം, ത്രിപുര, മേഘാലയ, മിസോറാം.

12 ലക്ഷം സംസ്ഥാനത്തെ ചെറുകിട കര്‍ഷകര്‍

' കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ റബര്‍ കര്‍ഷകരോട് ഒരു പരിഗണനയും കാട്ടുന്നില്ല. കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. കേരളത്തിലെ എം.പിമാര്‍ ഒന്നിച്ച് പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കണം.' - സുരേഷ് കോശി, കര്‍ഷക സംഘടന നേതാവ്