market

ആറ്റിങ്ങല്‍: പച്ചക്കറിക്കും ഇറച്ചിക്കും മീനിനും വില കൂടിയതോടെ സാധാരണക്കാരുടെ ഊണുമേശയില്‍ ഇടംനേടി കൂണ്‍ വിഭവങ്ങള്‍. പോഷകസമ്പന്നമായ കൂണുകള്‍ക്ക് ഇന്ന് ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും ആവശ്യക്കാരേറെയാണ്. മികച്ച വരുമാനം കിട്ടുന്ന സംരംഭമെന്ന നിലയില്‍ യുവാക്കള്‍ക്കിടയിലും സ്ത്രീകള്‍ക്കിടയിലും കൂണ്‍കൃഷിക്ക് പ്രചാരണമേറുന്നുണ്ട്. കൂണ്‍കൃഷി ചെയ്യാന്‍ അധികം സ്ഥലം വേണ്ട എന്നുള്ളതും കര്‍ഷകരെ തുണയ്ക്കുന്നുണ്ട്. കൂണില്‍ നിന്ന് ഒട്ടേറെ മൂല്യവര്‍ദ്ധന ഉത്പന്ന സാദ്ധ്യതകളുമുണ്ട്.

ഗുണങ്ങള്‍

നല്ല അളവില്‍ നാരുകളും പ്രോട്ടീനുമടങ്ങിയ കലോറി കുറഞ്ഞ ഭക്ഷണമാണ് കൂണുകള്‍. അതിനാല്‍ തീന്‍മേശകളില്‍ ഡയറ്റ് ഭക്ഷണക്രമത്തില്‍ കൂണിന് മുഖ്യസ്ഥാനമുണ്ട്.

അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍

ബി.കോംപ്ലക്‌സുകളായ നിയാസിന്‍,റൈബോഫ്‌ലാവിന്‍, പാന്റോത്തെനിക് ആസിഡ്.വിറ്റാമിന്‍-ഡി.പൊട്ടാസ്യം, സിങ്ക്, മഗ്‌നീഷ്യം, ചെമ്പ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്

ധാതു സമ്പുഷ്ടം

100 ഗ്രാം ചിപ്പിക്കൂണില്‍ ആറുഗ്രാം അന്നജം,മൂന്നുഗ്രാം പ്രോട്ടീന്‍, 0 കൊളസ്‌ട്രോള്‍ ആന്‍ഡ് ട്രാന്‍സ്ഫാറ്റ്,രണ്ടു ഗ്രാം നാരുകള്‍,18 മില്ലിഗ്രാം സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്.

സംരംഭം

വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ കുറഞ്ഞ കാലയളവില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന സംരംഭമാണ് കൂണ്‍കൃഷി. അധികം സ്ഥലം ആവശ്യമില്ല.വീട്ടമ്മമാര്‍ക്കും യുവാക്കള്‍ക്കും ഒരു പരിശീലനം ലഭിച്ചാല്‍ ആര്‍ക്കും കൂണ്‍ കൃഷി ചെയ്യാം.

മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍

സൂപ്പ് പൊടി,കാപ്പിപ്പൊടി,കട്ട്‌ലറ്റ്,ബിസ്‌കറ്റ്,കെച്ചപ്പ് തുടങ്ങിയ ഉത്പന്നങ്ങളും കൂണില്‍നിന്ന് തയ്യാറാക്കാം.

കൂണ്‍ ഇനങ്ങള്‍

ചിപ്പിക്കൂണ്‍,പാല്‍ക്കൂണ്‍,ബട്ടണ്‍ കൂണ്‍ എന്നിവയാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളത്.ഇതില്‍ ചിപ്പിക്കൂണാണ് വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താന്‍ അനുയോജ്യം. ലളിതമായ വളര്‍ത്തല്‍ രീതി,ഉയര്‍ന്ന ഉത്പാദനക്ഷമത,സൂക്ഷിപ്പുകാലം കൂടുതല്‍ എന്നിവയാണ് ചിപ്പിക്കൂണിനെ മറ്റിനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്.

വെള്ളായണി കാര്‍ക്ഷിക കോളേജില്‍ കൂണ്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. സംരംഭകര്‍ക്ക് എല്ലാ മാസവും ട്രെയിനിംഗ് ക്ലാസ്, 50 രൂപയ്ക്ക് 300 ഗ്രാം കൂണ്‍ വിത്ത് എന്നിവ നല്‍കുന്നുണ്ട്. - സഫീര്‍,അസിസ്റ്റന്റ് പ്രൊഫസര്‍,

വെള്ളായണി കാര്‍ഷിക കോളേജ്