xzvc

 ബിഹാറിനും ആന്ധ്രയ്‌ക്കും സഹായം: പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: കേന്ദ്ര ബഡ്‌ജറ്റിൽ ബിഹാറിനും ആന്ധ്രാപ്രദേശിനും കൈ അയച്ച് സഹായം പ്രഖ്യാപിച്ചത് നീതികേടും ഫെഡറൽ തത്ത്വങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി 'ഇന്ത്യ"സഖ്യകക്ഷികൾ പാർലമെന്റിൽ പ്രതിഷേധിച്ചു. അതേസമയം ബഡ്‌ജറ്റിൽ എല്ലാസംസ്ഥാനങ്ങളുടെയും പേരു പറയുക പ്രായോഗികമല്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വിശദീകരിച്ചു.

ഇന്നലെ സഭ സമ്മേളിക്കുന്നതിനു മുൻപ് കോൺഗ്രസ് നേതൃത്വത്തിൽ 'ഇന്ത്യ" സഖ്യകക്ഷികൾ പാർലമെന്റിനു വെളിയിൽ 'എൻ.ഡി.എ ബഡ്‌ജറ്റ് വേണ്ടെന്ന" പ്ളക്കാർഡുമേന്തി പ്രതിഷേധിച്ചിരുന്നു. പുതിയ പാർലമെന്റ് കവാടത്തിനു മുന്നിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സി.പി.പി അദ്ധ്യക്ഷ സോണിയ ഗാന്ധി, സമാജ്‌വാദിപാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കേരളത്തിന് നീതി എന്നാവശ്യപ്പെട്ട് സംസ്ഥാനത്തു നിന്നുള്ള എം.പിമാരും പാർലമെന്റിനു മുന്നിൽ പ്ളക്കാർഡുമേന്തി പ്രതിഷേധിച്ചു.

മറ്റു സംസ്ഥാനങ്ങൾക്ക് കാലി പ്ളേറ്റ്

ബഡ്‌ജറ്റിൽ ബിഹാറിനും ആന്ധ്രയ്‌ക്കും നിറയെ പക്കോഡയും ജിലേബിയും മറ്റു സംസ്ഥാനങ്ങൾക്ക് കാലി പ്ളേറ്റുമാണ് കിട്ടിയതെന്ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ ആരോപിച്ചു. ഇതിനു ധനമന്ത്രി നിർമ്മല സീതാരാമൻ മറുപടി പറയാൻ എഴുന്നേറ്റതും പ്രതിപക്ഷം വാക്കൗട്ട് നടത്തി.

ബഡ്‌‌ജറ്റിൽ രണ്ടു സംസ്ഥാനങ്ങളെ മാത്രമാണ് പരാമർശിച്ചതെന്ന ഖാർഗെയുടെ വിമർശനം തള്ളിയ നിർമ്മല സീതാരാമൻ എല്ലാ ബഡ്‌ജറ്റിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും പേരുപറയുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിൽ തുറമുഖത്തിന് 76,000 കോടി രൂപ പ്രഖ്യാപിച്ചു. മറ്റു സംസ്ഥാനങ്ങൾക്കും കേന്ദ്ര പദ്ധതികളുടെ അർഹമായ വിഹിതം ലഭിച്ചിട്ടുണ്ട്. ബഡ്‌‌ജറ്റ് രേഖയിൽ എല്ലാവിഹിതവും ഇനം തിരിച്ച് വ്യക്തമായി പരാമർശിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

ചിദംബരത്തിന്റെ ആശംസ

രാവിലെ സമ്മേളിച്ചയുടൻ ലോക്‌സഭയിലും ബഡ്‌ജറ്റ് വിവേചനപരമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാൽ സ്‌പീക്കർ ഓം ബിർള ചോദ്യോത്തര വേള തുടർന്നു. ഇരു സഭകളിലും ബഡ്‌ജറ്റിൻമേലുള്ള ചർച്ച തുടങ്ങി. ബഡ്‌‌ജറ്റിൽ തൊഴിൽ ഇൻസെന്റീവ് അടക്കം പദ്ധതികൾ കോൺഗ്രസ് പ്രകടന പത്രികയിൽ നിന്ന് കോപ്പി അടിച്ചതാണെന്ന് പി. ചിദംബരം രാജ്യസഭയിൽ പറഞ്ഞു. നല്ല ആശയങ്ങൾ പകർത്തിയതിന് ധനമന്ത്രിക്ക് നന്ദിയുണ്ടെന്നും പ്രകടന പത്രിക വായിച്ച് കൂടുതൽ നല്ല ആശയങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

''കോൺഗ്രസ് ഭരണകാലത്ത് അവരുടെ ബഡ്‌ജറ്റുകളിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേരുകൾ പറഞ്ഞിട്ടുണ്ടെങ്കിൽ തെളിയിക്കാൻ വെല്ലുവിളിക്കുന്നു.

ബഡ്‌ജറ്റിനെ വിമർശിക്കുന്ന തൃണമൂൽ അംഗങ്ങൾ പ്രധാനമന്ത്രി കൊണ്ടുവന്ന പല പദ്ധതികളും പശ്‌ചിമ ബംഗാളിൽ നടപ്പാക്കാത്തത് ഓർമ്മിക്കണം.

-നിർമ്മല സീതാരാമൻ