ന്യൂഡൽഹി: നീറ്റ് എക്‌സാമിലടക്കമുള്ള തട്ടിപ്പുകളും വഞ്ചനകളും കണക്കിലെടുത്ത് പരീക്ഷാസംവിധാനത്തിൽ മാറ്റം വരുത്താൻ യുപിഎസ്‌സി. ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി നടപടിക്രമങ്ങൾ നവീകരിക്കാനാണ് നീക്കം. ആധാർ അധിഷ്ഠിത വിരലടയാള പരിശോധനയും മുഖം തിരിച്ചറിൽ സംവിധാനവും ഏർപ്പെടുത്താനാണ് ആലോചന. എഐ ഉപയോഗിച്ച് സിസിടിവി നിരീക്ഷണം, ഇ- അഡ്‌മിറ്റ് കാർഡുകളുടെ ക്യു ആർ കോഡ് സ്‌കാനിംഗ് എന്നിവയും പരിഗണനയിലുണ്ട്.
സിവിൽ സർവീസ് പരീക്ഷയടക്കം 14 പരീക്ഷകളാണ് ഒരുവർഷത്തിൽ യുപിഎസ്‌സി നടത്തുന്നത്. ഉയർന്ന കേന്ദ്രസർക്കാർ പോസ്റ്റുകളിലേക്കുള്ള നിയമനങ്ങൾക്കുവേണ്ടിയുള്ള പരീക്ഷകളും ഇതിൽ ഉൾപ്പെടുന്നു.
യുപിഎസ്‌സി നടത്തുന്ന പരീക്ഷകളിൽ സാങ്കേതിക സേവനങ്ങൾ നൽകുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും (പിഎസ്‌യു) ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ പരീക്ഷാധിഷ്‌ഠിത പ്രോജക്‌ടുകളിൽ നിന്ന് ശരാശരി 100 കോടി രൂപ വാർഷിക വിറ്റുവരവുള്ള ലാഭമുണ്ടാക്കുന്ന സ്ഥാപനമായിരിക്കണം ലേലക്കാരൻ എന്ന് ടെൻഡറിൽ വ്യക്തമാക്കുന്നു. പരീക്ഷാ ഷെഡ്യൂൾ, പരീക്ഷാ വേദികളുടെ പട്ടിക, ഉദ്യോഗാർത്ഥികളുടെ എണ്ണം എന്നിവ പരീക്ഷയ്ക്ക് രണ്ടോ മൂന്നോ ആഴ്ച മുമ്പ് സാങ്കേതിക സേവനം നൽകുന്നവർക്ക് കൈമാറുമെന്ന് ടെൻഡർ രേഖകളിൽ പറയുന്നു.
2024ലെ നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസി സുപ്രീംകോടതിയിൽ നിന്നടക്കം വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ജാതി, മെഡിക്കൽ സർട്ടിഫിക്കറ്റുകളിലുൾപ്പെടെ ഒന്നിലധികം തവണ കൃത്രിമം കാണിച്ചാണ് സിവിൽ സർവീസ് പരീക്ഷ ജയിച്ചതെന്ന് ആരോപണമുയർന്ന ഐഎഎസ് ട്രെയിനി പൂജ ഖേദ്കർക്കെതിരെയുള്ള കേസും പുതിയ സംവിധാനം ആലോചിക്കാൻ കാരണമായതായാണ് വിവരം.