travel

കാലാവസ്ഥ മാറുന്നതിനനുസരിച്ച് കേരളത്തിലെ ഓരോ സ്ഥലങ്ങളുടെയും ഭംഗി മാറിക്കൊണ്ടിരിക്കും. വേനൽക്കാലത്ത് വറ്റി വരണ്ട് കിടക്കുന്ന പുഴയും വെള്ളച്ചാട്ടവുമെല്ലാം മഴക്കാലമാകുന്നതോടെ മാറിമറിയും. പിന്നീടങ്ങോട്ട് പച്ചപ്പാർന്ന പ്രകൃതി, നിറഞ്ഞൊഴുകുന്ന അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ കാണാൻ കഴിയുന്ന സമയമാണ്. ഈ സീസണിൽ മാത്രം കാണാൻ കഴിയുന്ന ചില സ്ഥലങ്ങളുണ്ട് നമ്മുടെ കേരളത്തിൽ. പ്രത്യേകിച്ച് കോട്ടയത്ത്. അധികം ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന, എന്നാൽ, വളരെ മനോഹരമായ ഈ സ്ഥലങ്ങൾ അറിയാം.

1. കാവാലിപ്പുഴ കടവ്

2018ലുണ്ടായ പ്രളയത്തിന് ശേഷം രൂപപ്പെട്ട മിനി ബീച്ചാണ് കാവാലിപ്പുഴ കടവ്. പഞ്ചാര മണലുള്ള ഇവിടം കാണാൻ ദിവസേന നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. ഇവിടെ മീനച്ചിലാറ്റിൽ കുളിക്കാനും കടത്തുവള്ളത്തിൽ യാത്ര ചെയ്യാനുമുള്ള സൗകര്യമുണ്ട്. പ്രകൃതി സൗന്ദര്യം കൊണ്ട് സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഈ കടവ് 200 മീറ്ററോളം നീളത്തിലും 100 മീറ്റർ വീതിയിലുമാണുള്ളത്.

waterfall

2. കരിവാര വെള്ളച്ചാട്ടം

ശക്തമായ മഴയുള്ളപ്പോൾ മാത്രമാണ് ഈ വെള്ളച്ചാട്ടം പ്രത്യക്ഷപ്പെടുന്നത്. മുണ്ടക്കയം ഈസ്റ്റ് ചുരം കയറി തെക്കേമല ഗ്രാമത്തിൽ എത്തുമ്പോഴാണ് ഈ മനോഹര കാഴ്‌ച കാണാൻ സാധിക്കുക. റോഡിന് സമീപത്തുള്ള പാലത്തിൽ നിന്നാൽ ഈ വെള്ളച്ചാട്ടത്തിന്റെ മനോഹര കാഴ്‌ച ആസ്വദിക്കാം. മഴക്കാലത്ത് ഈ വെള്ളച്ചാട്ടത്തിന്റെ പൂർണമായ സൗന്ദര്യം കാണാനായി നിരവധി യാത്രക്കാർ ഇവിടെ എത്താറുണ്ട്. ഈ സ്ഥലത്തിന്റെ അപൂർവമായ ഭംഗിയും സൗന്ദര്യവുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.