lakshya-vij

ന്യൂഡൽഹി: സെെബർ തട്ടിപ്പിലൂടെ യുഎസ് യുവതിയിൽ നിന്ന് നാല് ലക്ഷം ഡോളർ (3.3 കോടി രൂപ) തട്ടിയെടുത്ത ഡൽഹി സ്വദേശി പിടിയിൽ. ഡൽഹി ദിൽഷാദ് ഗാർഡൻ സ്വദേശി ലക്ഷ്യ വിജിനെയാണ് (33) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ ഡി ) അറസ്റ്റ് ചെയ്തത്.

2023 ജൂലായിലാണ് യുവാവ് മെെക്രോസോഫ്റ്റിന്റെ ഏജന്റാണെന്ന് പറഞ്ഞ് യു എസ് സ്വദേശിയായ ലിസ റോത്തയെ സമീപിക്കുന്നത്. യുവതിയുടെ ലാപ്ടോപ്പ് ഹാക്ക് ചെയ്തതായിരുന്നു തട്ടിപ്പിന്റെ തുടക്കം. ശേഷം ലാപ്ടോപ്പിലെ സ്ക്രീനിൽ ഒരു ഫോൺ നമ്പർ തെളിഞ്ഞു. ലിസ റോത്ത ഈ നമ്പറിൽ വിളിച്ചപ്പോൾ മെെക്രോസോഫ്റ്റിന്റെ ഏജന്റാണെന്ന് പറഞ്ഞാണ് യുവാവ് പരിചയപ്പെട്ടത്. പിന്നാലെ യുവതിയോട് നാല് ലക്ഷം ഡോളർ ഒരു ക്രിപ്റ്റോകറൻസി വാലറ്റിലേക്ക് മാറ്റാനായി ആവശ്യപ്പെട്ടു.

ഇതനുസരിച്ച് യുവതി പണം വാലറ്റിലേക്ക് മാറ്റിയെങ്കിലും ഈ വാലറ്റിൽ നിന്ന് തട്ടിപ്പുസംഘം മുഴുവൻ പണവും തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് മനസിലാക്കിയ യുവതി പ്രദേശിക അധികാരികൾക്ക് പരാതി കൊടുക്കുകയായിരുന്നു. അവരാണ് കേസ് ഇന്ത്യയിലെ അന്വേഷണ ഏജൻസികൾക്ക് കെെമാറിയത്. സിബിഐയാണ് ആദ്യം കേസ് അന്വേഷിച്ചത്. പ്രഫുൽ ഗുപ്തയുടെയും അവരുടെ അമ്മ സരിതാ ഗുപ്തയുടെയും വാലറ്റുകളിലേക്കാണ് ലിസയുടെ പണം കെെമാറ്റം ചെയ്തിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

കൂടാതെ ഈ പണം കരൺ ചുഗ് എന്നയാൾ ഇവരുടെ കെെയിൽ നിന്ന് വാങ്ങി വിവിധ വാലറ്റുകളിൽ നിക്ഷേപിച്ചതായും കണ്ടെത്തി. തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇഡിയും കേസെടുത്തു. ലക്ഷ്യ വിജിനും കരണുമാണ് തട്ടിപ്പ് സംഘത്തിലെ പ്രധാനികളെന്ന് ഇഡി കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ലക്ഷ്യ വിജിനെ ജൂലായ് 28 വരെ ഇ ഡി കസ്റ്റഡിയിൽ വിട്ടു.