ഏറെ ആഗ്രഹിച്ചും പണം സ്വരുക്കൂട്ടിയുമൊക്കെയായിരിക്കും മിക്കവാറുംപേരും സ്വന്തമായി വീട് വയ്ക്കുന്നത്. സ്വപ്‌നഗൃഹത്തിന്റെ ഡിസൈനും നിറവും ഇന്റീരിയറുമൊക്കെ പലരും നേരത്തെതന്നെ മനസിൽ ക ണ്ടിട്ടുണ്ടായിരിക്കും. വീട് പണിയുമ്പോൾ ഇന്ന് മിക്കവാറും പേരും വാസ്തുവിന് പ്രാധാന്യം നൽകാറുണ്ട്. പ്രാഥമിക വാസ്തുകാര്യങ്ങളിലായിരിക്കും കൂടുതൽപ്പേരും ശ്രദ്ധനൽകുക. എന്നാൽ വീട്ടിൽ നിർമിക്കുന്ന ഓരോ കാര്യത്തിനും വാസ്തുശാസ്ത്രത്തിൽ പ്രത്യേക നിർദേശമുണ്ടെന്നത് പലർക്കും അറിവുണ്ടായിരിക്കുകയില്ല.
ഇന്ന് പല വീടുകളിലും കാണുന്ന ഒന്നാണ് ഗ്ളാസുകൊണ്ടുള്ള ചുമരുകളും ബാൽക്കണിയും ഗോവണിയുമൊക്ക. കാണാൻ പ്രത്യേക പ്രൗഡി തോന്നിക്കുമെന്നതിനാലും നിറയെ വെളിച്ചം കടക്കുമെന്നതിനാലും ഗ്ലാസ് ചുമരുകളോട് പലർക്കും പ്രിയമേറയാണ്. ചെലവേറിയ നിർമിതിയാണെങ്കിലും മിക്ക ആഡംബര വീടുകളിലും ഗ്ളാസ് ചുമരുകളുണ്ട്. ഇത്തരം ഗ്ളാസ് ചുമരുകളെക്കുറിച്ചും വാസ്തുവിൽ പരാമർശമുണ്ട്.
ഗ്ളാസ് ചുമരുകൾ ഉപയോഗിക്കുന്നത് വാസ്തുപരമായി നല്ലതല്ല. ഗ്ളാസിൽ പ്രതിബിംബം ഉണ്ടാകുന്നതിനാൽ അത്തരം പ്രതലങ്ങൾ വാസ്‌തു നിയമങ്ങൾക്ക് യോജിച്ചതല്ല. വീടുനുള്ളിലെ ഊർജത്തിന്റെ സന്തുലിതാവസ്ഥയെ ഇത്തരം പ്രതലങ്ങൾ ബാധിക്കുമെന്ന് വാസ്തുശാസ്തജ്ഞർ പറയുന്നു.
ഇന്നത്തെ കാലത്ത് വീടുകളിൽ ഗ്ളാസ് നിർമിതികൾ പൂർണമായി ഒഴിവാക്കുകയെന്നത് പ്രായോഗികമല്ല. ജനലുകളിൽ ഗ്ളാസ് ഒഴിവാക്കാനാവില്ല. ചുമരുകളിൽ ഗ്ലാസ് പാനലുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് വാസ്തുപരമായി ഉചിതം. വീടിന്റെ പുറം ഭിത്തികളിൽ ഗ്ളാസ് ഒഴിവാക്കുന്നത് അന്തരീക്ഷത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ വീടിനുള്ളിൽ വരുന്നത് തടയാൻ സാധിക്കും. അതുപോലെ തന്നെ ഇഷ്ടികയ്ക്കും വെട്ടുകല്ലിനും പകരമായി കരിങ്കല്ല് ഉപയോഗിക്കുന്നതും വാസ്‌തുപരമായി തെറ്റാണ്.