കിടങ്ങൂർ: ഇരുമ്പ് കമ്പി കൊണ്ട് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ. കുമരകം ബോട്ട്‌ജെട്ടി മാഞ്ചിറ കളത്തിപ്പറമ്പിൽ വീട്ടിൽ ലിജേഷ് കുമാർ (40), കിടങ്ങൂർ വടുതലപ്പടി പാറക്കാട്ട് ഗിരീഷ് കുമാർ(53), പെരുമ്പായിക്കാട് നട്ടാശ്ശേരി ഉദയംപുത്തൂർ സതീഷ് കുമാർ (51) എന്നിവരെയാണ് കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിൽ വരികയായിരുന്ന കിടങ്ങൂർ സ്വദേശിയായ യുവാവിനെ ഓട്ടോയിൽ പിന്തുടർന്നെത്തി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കുമരകം ബോട്ട് ജെട്ടിക്ക് സമീപം ലിജേഷ് നടത്തിയിരുന്ന മീൻതട്ട് കിടങ്ങൂർ സ്വദേശിയായ യുവാവ് നടത്തിവന്നിരുന്നത് നിർത്തുകയാണെന്ന് ലിജേഷിനോട് പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ആക്രമണത്തിൽ യുവാവിന്റെ തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുകയും, തലച്ചോറിൽ ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. പരാതിയെ തുടർന്ന് കിടങ്ങൂർ പൊലീസ് നടത്തിയ തിരച്ചിലിൽ മൂവരെയും പിടികൂടി. ഇവരെ റിമാൻഡ് ചെയ്തു.