gothambu-puttu

പ്രഭാത ഭക്ഷണമായി ഗോതമ്പ് പുട്ട് കഴിക്കുന്ന നിരവധി പേരുണ്ട്. ഉണ്ടാക്കിയ ഉടൻ കഴിച്ചില്ലെങ്കിൽ അത് കട്ടിയായിപ്പോകുമെന്ന് പരാതി പറയുന്നവരും ഏറെയാണ്. എന്നാൽ ഒരേയൊരു കാര്യം ചെയ്‌താൽ പുട്ട് വളരെ സോഫ്‌റ്റായി, കൂടുതൽ ടേസ്റ്റോടെ കഴിക്കാൻ പറ്റും. എന്താണ് ആ സീക്രട്ട് എന്നല്ലേ? അൽപം വെളിച്ചെണ്ണ ചേർത്ത് മികിസിയിൽ അടിച്ചെടുക്കുകയാണ് ആ പാചക രഹസ്യം.


ആവശ്യമായ സാധനങ്ങൾ

ഗോതമ്പുപൊടി

ഉപ്പ്

വെള്ളം

വെളിച്ചെണ്ണ

തേങ്ങ

തയ്യാറാക്കുന്ന വിധം

ഗോതമ്പ്‌ പൊടിയെടുത്ത് ചൂടാക്കുക. സ്റ്റൗ ലോ ഫ്‌ളെയിമിലിട്ട് വേണം ചൂടാക്കാൻ. ചൂടാകുമ്പോൾ ഗോതമ്പുപൊടിയിൽ നിന്ന് ചെറിയൊരു മണം വരും. ഒരുപാട് ചൂടാക്കുകയുമരുത്. ശേഷം അടുപ്പിൽ നിന്ന് മാറ്റി, ഒരു പാത്രത്തിലിട്ടുകൊടുക്കുക.

ഇനി ഇതിലേക്ക് അൽപം ഉപ്പും വെള്ളവും ചേർത്ത് പുട്ടിന്റെ പാകത്തിന് കുഴച്ചെടുക്കാം. അപ്പോൾ കട്ടപിടിച്ചിരിക്കുന്നതുപോലെ കാണാം. ഇനി മിക്സിയുടെ ഒരു ജാർ എടുക്കുക. ഇതിലേക്ക് ഗോതമ്പുപൊടി ഇട്ടുകൊടുക്കുക ( അഥവാ വെള്ളം അധികമായിപോയിട്ടുണ്ടെങ്കിൽ കുറച്ച് പൊടി കൂടി ചേർത്തു കൊടുക്കാം) ശേഷം ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് അടിച്ചെടുക്കാം. ഒരുപാട് അരക്കണ്ട, രണ്ടോ മൂന്നോ തവണ ചെറുതായി ഒന്ന് കറക്കിയാൽ മതി. അപ്പോൾ നല്ല കട്ടയൊക്കെ മാറി, പൊടിയായി കിട്ടും. ഇനി പുട്ട് കുറ്റിയിൽ തേങ്ങയും, ഗോതമ്പുപൊടിയുമൊക്കെ ഇട്ടുകൊടുത്ത് ആവിയിൽ പുട്ട് റെഡിയാക്കാം.