gao

ബീജിംഗ്: സ്‌തനം വലിപ്പം കൂട്ടാൻ ശസ്‌ത്രക്രിയ നടത്തിയ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി രംഗത്ത്. ചെെനയിലാണ് സംഭവം. ഗവോ എന്ന യുവതിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. തന്റെ ശസ്ത്രക്രിയയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു എന്നാണ് യുവതി പറയുന്നത്. സെൻട്രൽ ചൈനീസ് പ്രവിശ്യയായ ഹെനാനിലെ കോസ്മെറ്റിക് സർജറിയിൽ സ്പെഷ്യലൈസ് ചെയ്ത ഒരു ആശുപത്രിയിൽ വച്ചായിരുന്നു ശസ്‌ത്രക്രിയ നടത്തിയത്.

തന്റെ സ്‌തനങ്ങളുടെ വലിപ്പം കൂട്ടാനുള്ള ശസ്‌ത്രക്രിയ ആശുപത്രി അധികൃതർ രഹസ്യമായി ചിത്രീകരിച്ച് ഇന്റർനെറ്റിൽ പ്രചരിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. ശസ്‌ത്രക്രിയ കഴിഞ്ഞ് അഞ്ച് മാസങ്ങൾക്ക് ശേഷം ടിക് ടോക്കിലാണ് യുവതിയും സുഹൃത്തുക്കളും ഈ വീഡിയോ കണ്ടത്. അനസ്‌തേഷ്യയ്‌ക്ക് ശേഷം കിടക്കുന്ന ഗാവോയുടെ മുഖം തിരിച്ചറിയാൻ കഴിയുന്ന തരത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ഉടൻതന്നെ ആശുപത്രിയിലെത്തിയ യുവതി വീഡിയോ പകർത്തിയ ആളുടെ പേരും വിവരങ്ങളും ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് വീഡിയോ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അവർ പറ‌ഞ്ഞു. സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് നഷ്‌ടപരിഹാരം നൽകണമെന്നും യുവതി ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ, അവർ ഒന്നിനും തയ്യാറായില്ലെന്നാണ് ഗാവോ പറയുന്നത്.

മൂന്ന് മാസം കൂടുമ്പോൾ എല്ലാ സെക്യൂരിറ്റി ഫൂട്ടേജുകളും ഡിലീറ്റ് ചെയ്യുന്നതിനാൽ, വീഡിയോ എടുത്തയാളെകണ്ടെത്താൻ സാധിക്കില്ല എന്നായിരുന്നു ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. വീഡിയോ വീണ്ടും ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടാൽ അത് നീക്കാനായി പ്രവർത്തിക്കുമെന്നും അവർ അറിയിച്ചു.

ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ പുറത്തുനിന്നൊരാൾ വീഡിയോ എടുക്കാൻ വരില്ല. ഡോക്‌ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ളവരെ വീഡിയോയിൽ വ്യക്തമായി കാണാമെന്നും ഗാവോ പറഞ്ഞു. നിലവിൽ ആശുപത്രിക്കെതിരെ നിയമപരമായി മുന്നോട്ട് പോകാനാണ് യുവതിയുടെ തീരുമാനം.