കൊച്ചി: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത നടപ്പാക്കി വരുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ" കാമ്പയിൻ കൊച്ചി ഗോശ്രീ ദ്വീപുകളിലേക്കും വ്യാപിപ്പിക്കുന്നു. ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ നേതൃത്വത്തിലാണ് ദ്വീപുകളിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലും കാമ്പയിൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തോതും കാർബൺ സംഭരണത്തോതും സംതുലിതമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇതിൽ പ്രധാനം. തരിശുരഹിത ഗ്രാമം, ഹരിത സമൃദ്ധി വാർഡ്, പച്ചത്തുരുത്തുകൾ, ശാസ്ത്രീയ മാലിന്യ സംസ്‌കരണം, ജലസംരക്ഷണം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഗോശ്രീ ദ്വീപുകളിൽ നടപ്പാക്കും.

കാമ്പയിന്റെ ഭാഗമായി കോർഗ്രൂപ്പ് അംഗങ്ങൾക്കും ബ്ലോക്ക്,​ ഗ്രാമ പഞ്ചായത്തുതല ജനപ്രതിനിധികൾക്കുമായി നാളെ പ്രത്യേകം ശില്പശാലകൾ സംഘടിപ്പിക്കും. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കോർഗ്രൂപ്പ് അംഗങ്ങളെയും വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക്,​ ഗ്രാമ പഞ്ചായത്തുതല പ്രതിനിധികളെയും പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ശില്പശാല വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ മുഖ്യാതിഥിയാകും.