fridge

ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത വീട് വളരെ ചുരുക്കമായിരിക്കും. ആഹാരവും പഴവർഗങ്ങളും, പച്ചക്കറികളും മത്സ്യ മാംസാദികളുമൊക്കെ ഫ്രിഡ്‌ജിൽ ആണ് നമ്മൾ സൂക്ഷിക്കാറ്. ആഴ്‌ചയിൽ ഒരിക്കലെങ്കിലും ഫ്രിഡ്‌ജ് ക്ലീനാക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ഭക്ഷ്യവിഷബാധയൊക്കെ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

പലപ്പോഴും ഫ്രിഡ്‌ജിന്റെ വാതിലിലൊക്കെ പൂപ്പൽ പിടിക്കാനുള്ള സാദ്ധ്യതയുണ്ട്. തുണി ഉപയോഗിച്ച് തുടച്ചാലൊന്നും അത് പോകണമെന്നില്ല. അപ്പോൾ എന്ത് ചെയ്യും? അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ച്‌ തന്നെ, വളരെയെളുപ്പത്തിൽ ഈ അഴുക്കുകളൊക്കെ മാറ്റാൻ സാധിക്കും.


ആവശ്യമായ സാധനങ്ങൾ

ബേക്കിംഗ് സോഡ

ചെറുനാരങ്ങ

ഷാംപു അല്ലെങ്കിൽ ഡിഷ്‌വാഷ്

വിനാഗിരി

ചെയ്യേണ്ടത്

ഒരു കപ്പിൽ ബേക്കിംഗ് സോഡയും വിനാഗിരിയും ചെറുനാരങ്ങാ നീരും ഷാപും (ഡിഷ്‌വാഷ് ആയാലും കുഴപ്പമില്ല) അൽപം വിനാഗിരിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഫ്രിഡ്‌ജ് ഓഫാക്കിയ ശേഷം മാത്രമേ ക്ലീൻ ചെയ്യാൻ പാടുള്ളൂവെന്ന കാര്യം പ്രത്യേകം ഓർക്കണം.

ഇനി ഒരു ബ്രഷ് എടുത്ത് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ലായനിയിൽ നന്നായി മുക്കിയെടുക്കാം. ശേഷം ഫ്രിഡ്ജിൽ അഴുക്കുള്ള ഭാഗത്തൊക്കെ നല്ല രീതിയിൽ തേച്ചുരച്ച് കൊടുക്കുക. അപ്പോൾ അഴുക്കൊക്കെ ഇളകി വരുന്നത് കാണാം. ഇനി ഒരു കോട്ടൻ തുണിയെടുത്ത് നന്നായി തുടച്ചുകൊടുക്കാം. അഴുക്കൊക്കെ പോയി, ഫ്രിഡ്‌ജ് നല്ല പുത്തൻ പോലെ തിളങ്ങുന്നത് കാണാം. മാസത്തിലൊരിക്കലെങ്കിലും ഫ്രിഡ്‌ജ് ഇത്തരത്തിൽ വൃത്തിയാക്കുന്നത് നല്ലതാണ്.