ന്യൂഡൽഹി: രാഷ്‌ട്രപതി ഭവനിൽ പേരുമാറ്റം. ദർബാർ ഹാളിനും അശോക് ഹാളിനും രാഷ്‌ട്രപതി ദ്രൗപതി മുർമു പുതിയ പേരുകൾ പ്രഖ്യാപിച്ചു. ദർബാർ ഹാൾ ഇനിമുതൽ ഗണതന്ത്ര മണ്ഡപം എന്നും അശോക് ഹാൾ അശോക് മണ്ഡപം എന്നും അറിയപ്പെടും. ദേശീയ പുരസ്‌കാരങ്ങളടക്കം സമ്മാനിക്കുന്നത് രാഷ്‌ട്രപതി ഭവനിലെ ദർബാർ ഹാളിൽവച്ചാണ്. അശോക് ഹാളിലായിരുന്നു പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്.
ഇന്ത്യൻ സംസ്‌കാരവും മൂല്യവും പ്രതിഫലിക്കുന്ന അന്തരീക്ഷം ഒരുക്കാനുള്ള നിരന്തരശ്രമത്തിന്റെ ഭാഗമായാണ് പേരുമാറ്റമെന്ന് രാഷ്‌ട്രപതി ഭവൻ പ്രസ്‌താവനയിൽ അറിയിച്ചു. ബ്രിട്ടീഷുകാരുടെയും മറ്റ് ഇന്ത്യൻ ഭരണാധികാരികളുടെയും കാലത്തുള്ള കോടതികളെയും സഭകളെയും ഓർമിപ്പിക്കുന്ന വാക്കാണ് ദർബാർ. പുതിയ ഇന്ത്യയിൽ ഈ വാക്കിന് പ്രസക്തി നഷ്ടമായി. ഗണതന്ത്രം എന്ന ആശയം പുരാതനകാലം മുതൽ ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരുപിടിച്ചതാണ്. അതിനാൽതന്നെ ഗണതന്ത്ര മണ്ഡപം എന്നത് ദർബാർ ഹാളിന് ഏറ്റവും യോജിച്ച പേരാണ്.
അശോക് ഹാളിനെ അശോക് മണ്ഡപ് എന്ന് പുനർനാമകരണം ചെയ്യുന്നത് ഭാഷാപരമായ ഐക്യം കൊണ്ടുവരും. എല്ലാ കഷ്ടപ്പാടുകളിൽ നിന്നും മുക്തനായ" അല്ലെങ്കിൽ "ഏതെങ്കിലും ദുഃഖത്തിൽ നിന്നും മുക്തനായ" ഒരാളെയാണ് 'അശോക്' എന്ന പദം അർത്ഥമാക്കുന്നത്. ഐക്യത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും പ്രതീകമായ" അശോക് ചക്രവർത്തിയെയും ഈ പദം പരാമർശിക്കുന്നുവെന്നും പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. 'മുഗൾ ഗാർഡൻസ്' എന്നറിയപ്പെട്ടിരുന്ന രാഷ്‌ട്രപതി ഭവന്റെ ഉദ്യാനം 'അമൃത് ഉദ്യാൻ' എന്ന് കഴിഞ്ഞ വർഷം പുനർനാമകരണം ചെയ്തിരുന്നു.