പൂനെ: വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ അപാകതയില്ലെന്ന് പൂനെ ആശുപത്രി. ഏഴ് ശതമാനം ഭിന്നശേഷിയുണ്ടന്ന് കാണിച്ച് പൂജയ്ക്ക് നൽകിയ ലോക്കോമോട്ടർ ഡിസെബിലിറ്റി സർട്ടിഫിക്കറ്റിൽ പിഴവില്ലെന്ന് യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ (വൈ.സി.എം) ആശുപത്രി അധികൃതർ വ്യക്തമാക്കി. ആഭ്യന്തര അന്വേഷണത്തിൽ ഇത് സ്ഥിരീകരിച്ചതായും അധികൃതർ അറിയിച്ചു.
ഫിസിയോതെറാപ്പി, ഓർത്തോപീഡിക് വകുപ്പുകളുടെ നിഗമനങ്ങളിലും നിയമപ്രകാരമുള്ള ആരോഗ്യ പരിശോധനയിലും പിഴവില്ലെന്ന് ആശുപത്രി ഡീൻ ഡോ. രാജേന്ദ്ര വേബിൾ വ്യക്തമാക്കി. വിദ്യാഭ്യാസത്തിലോ ജോലിക്കോ യാതൊരുവിധ ആനുകൂല്യങ്ങളും സർട്ടിഫിക്കറ്റ് വഴി ലഭിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. പൂജയുടെ വിലാസം പരിശോധിക്കുന്നത് ആശുപത്രിയുടെ ഓഫീസിന്റെ കീഴിൽ വരുന്നതല്ല.
വിവാദത്തിന് പിന്നാലെ പൂജയുടെ പരിശീലനം തടഞ്ഞ മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷനൽ അക്കാഡമി മടങ്ങിയെത്താൻ ആവശ്യപ്പെട്ടിട്ടും പൂജ ഹാജരായില്ല. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെ തുടർന്ന് യു.പി.എസ്. സിയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.