വാഷിംഗ്ടൺ: രണ്ടാം വട്ടവും അമേരിക്കൻ പ്രസിഡന്റാകാൻ അർഹനാണെങ്കിലും രാഷ്ട്രത്തിന്റെ ഉത്തമ താത്പര്യം പരിഗണിച്ചാണ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയതെന്ന് ജോ ബൈഡൻ. പിന്മാറ്റത്തിനുശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യു.എസ് കൈക്കൊള്ളുന്ന തീരുമാനങ്ങൾ ലോകത്തെയൊട്ടാകെ ബാധിക്കും. അവിടെ വ്യക്തി താത്പര്യങ്ങൾക്ക് പ്രസക്തിയില്ല. പാർട്ടിക്കുള്ളിൽ ഉയർന്ന അഭിപ്രായങ്ങൾ മാനിച്ചു. യു.എസ് ഒരിടത്തും ഇപ്പോൾ യുദ്ധത്തിൽ ഇല്ലെന്ന് പറഞ്ഞ ബൈഡൻ, യുക്രെയിൻ കീഴടക്കാനുള്ള പുട്ടിന്റെ നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞുവെന്ന് ഊന്നിപ്പറഞ്ഞു. പ്രസിഡന്റ് സ്ഥാനാർത്ഥിയായി വരുന്ന കമലാ ഹാരിസ് സർവസമ്മതയും യു.എസിനെ നയിക്കാൻ പ്രാപ്തയുമാണ്. യു.എസ് ഭരിക്കുന്നത് രാജാക്കന്മാരോ ചക്രവർത്തിമാരോ അല്ല, ജനങ്ങൾ തിരഞ്ഞെടുത്തവരാണ്. അതുകൊണ്ട് ആര് ജയിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങൾക്കാണ്- ബൈഡൻ പറഞ്ഞു. വികാര നിർഭരമായ പ്രസംഗത്തിൽ തോമസ് ജെഫേഴ്സൺ മുതൽ എബ്രഹാം ലിങ്കൺ അടക്കമുള്ള മുൻ പ്രസിഡന്റുമാരെ ബൈഡൻ ഉദ്ധരിച്ചു.
വിവാദമായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട്
അതിനിടെ സ്ഥാനാർത്ഥിത്വത്തിൽ നിന്നുള്ള ബൈഡന്റെ പിന്മാറ്റം ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ മുതിർന്ന നേതാക്കളിൽ ചിലരുടെ ഭീഷണിയും സമ്മർദ്ദവും മൂലമാണെന്ന ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് വിവാദത്തിന് തിരികൊളുത്തി. ബൈഡനെ ഭീഷണിപ്പെടുത്തി പിന്മാറ്റിയെന്നാണ് പത്രത്തിന്റെ തലക്കെട്ട്. പിന്മാറാൻ ബൈഡന് ഉദ്ദേശ്യം ഇല്ലായിരുന്നു. ഭീഷണിക്കു വഴങ്ങേണ്ടി വരികയായിരുന്നുവെന്ന് കുടുംബ വൃത്തങ്ങൾ പറഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട്.
ഒബാമയ്ക്ക് താത്പര്യക്കുറവ്
മുൻനിര നേതാക്കൾ കമലാ ഹാരിസിനെ പിന്തുണച്ചിട്ടും മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ മൗനം പാലിക്കുന്നതും ചർച്ചയാണ്. കമലയ്ക്ക് ട്രംപിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ഒബാമ കരുതുന്നതായി യു.എസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അരിസോണ സെനറ്റർ മാർക്ക് കെല്ലിയെ കമലയ്ക്ക് പകരം കൊണ്ടുവരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നെന്നും പറയപ്പെടുന്നു. എന്നാൽ സമയം വൈകിയതിനാൽ കമലയ്ക്ക് ഒബാമ ഉടൻ പിന്തുണ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.