railway

ന്യൂഡല്‍ഹി: കേരളത്തില്‍ റെയില്‍വേ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് നിരവധി പദ്ധതികളാണെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കാത്തതാണ് പ്രശ്‌നമെന്നും വ്യക്തമാക്കി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പാത ഇരട്ടിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ആവശ്യമുള്ള ഭൂമിയുടെ നാലിലൊന്ന് പോലും ഏറ്റെടുത്ത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭൂമി ഏറ്റെടുത്ത് നല്‍കുന്ന കാര്യത്തില്‍ സംസ്ഥാനത്ത് നിന്നുള്ള എംപിമാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിന്റെ റെയില്‍വേ കണക്ടിവിറ്റി സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ചിരുന്നതിന്റെ എട്ടിരട്ടി തുകയാണ് മോദി സര്‍ക്കാര്‍ അനുവദിക്കുന്നത്. 2009 മുതല്‍ 2014 വരെയുള്ള കാലത്ത് പ്രതിവര്‍ഷം 372 കോടി രൂപ മാത്രമാണ് കേരളത്തിന് അനുവദിച്ചിരുന്നത്. എന്നാല്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 2033 കോടി രൂപ കേരളത്തിലെ റെയിവേ വികസനത്തിനായി അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യത്തിലും മന്ത്രി നിലപാട് വ്യക്തമാക്കി. സാദ്ധ്യതയും വിഭവങ്ങളുടെ ലഭ്യതയും നേക്കി മാത്രമേ പുതിയ വന്ദേഭാരത് അനുവദിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് മന്ത്രി പറഞ്ഞത്. ഇത്തവണത്തെ ബഡ്ജറ്റില്‍ കേരളത്തിലെ റെയില്‍വേ വികസനത്തിനായി 3011 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ 35 സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്ക് നവീകരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നവീകരിക്കുന്ന സ്റ്റേഷനുകള്‍

ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി, ചാലക്കുടി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, ചിറയിന്‍കീഴ്, എറണാകുളം ജംഗ്ഷന്‍, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍, ഫറൂക്, ഗുരുവായൂര്‍, കണ്ണൂര്‍, കാസര്‍കോട്, കായംകുളം ജംഗ്ഷന്‍, കൊല്ലം ജംഗ്ഷന്‍, കോഴിക്കോട്, കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിന്‍കര, നിലമ്പൂര്‍ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂര്‍, പുനലൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, തലശേരി, തിരുവനന്തപുരം, തൃശൂര്‍, തിരൂര്‍, തിരുവല്ല, ത്രിപ്പൂണിത്തുറ, വടകര, വര്‍ക്കല, വടക്കാഞ്ചേരി.