pic

മനില: ഫിലിപ്പീൻസിലും തായ്‌വാനിലും കനത്ത നാശം വിതച്ചതിന് പിന്നാലെ ചൈനീസ് തീരംതൊട്ട് ഗെയ്‌‌മി ചുഴലിക്കാറ്റ്. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 5.20ഓടെ ഗെയ്‌മി തെക്കൻ ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലേക്ക് പ്രവേശിച്ചു. 1,50,000 പേരെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചു.

ഫൂഷൂ, ക്വാൻഷൂ വിമാനത്താവളങ്ങളിലെ ഒട്ടുമിക്ക സർവീസുകളും റദ്ദാക്കി. വടക്കൻ ദിശയിലേക്ക് നീങ്ങി ഗെയ്‌‌മിയുടെ ശക്തി കുറയുമെങ്കിലും ശക്തമായ മഴയെ തുടർന്ന് മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അതേ സമയം, ഗെയ്‌‌മിയുടെ പശ്ചാത്തലത്തിൽ ഫിലിപ്പീൻസിലുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി 21 പേർ മരിച്ചു. മനില ഉൾക്കടലിൽ ഇന്നലെ പുലർച്ചെ 'എം.ടി ടെറാ നോവ" എന്ന എണ്ണക്കപ്പൽ മുങ്ങി. 16 ജീവനക്കാരെ രക്ഷിച്ചു. ഒരാളെ കാണാനില്ല.

കപ്പലിലെ 15 ലക്ഷം ലിറ്റർ എണ്ണ നാല് കിലോമീറ്റർ മേഖലയിലേക്ക് ചോർന്നു തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. തടയാൻ സാധിച്ചില്ലെങ്കിൽ ഫിലിപ്പീൻസ് തീരത്തുണ്ടാകുന്ന ഏറ്റവും വലിയ മലിനീകരണമായി മാറും. ഇതിനിടെ തായ്‌വാന്റെ തെക്കൻ തീരത്ത് ടാൻസാനിയൻ ചരക്കുക്കപ്പലും മുങ്ങി. ഇതിലുണ്ടായിരുന്ന ആറ് ജീവനക്കാർക്കായി തെരച്ചിൽ തുടരകയാണ്. മൂന്ന് പേരെ രക്ഷപ്പെടുത്തി.

എല്ലാവരും മ്യാൻമർ വംശജരാണ്. മണിക്കൂറിൽ 227 കിലോമീറ്റർ വേഗതയിൽ നാശം വിതച്ച ഗെയ്‌മി തായ്‌വാനിൽ എട്ടു വർഷത്തിനിടെ വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ്. ഇവിടെ മൂന്ന് പേർ മരിച്ചെന്നും 380 പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.

195 അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി. ബുധനാഴ്ച രാത്രിയാണ് ഗെയ്‌മി തായ്‌വാന്റെ വടക്കുകിഴക്കൻ തീരംതൊട്ടത്. ഗെയ്‌മി ഫിലിപ്പീൻസിലേക്ക് പ്രവേശിച്ചില്ലെങ്കിലും നിലവിലെ മൺസൂൺ മഴയെ തീവ്രമാക്കുകയായിരുന്നു.