s

ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ നികുതി അധികാരത്തിനുമേൽ പാർലമെന്റിലൂടെ ഭരണഘടനാ വിരുദ്ധമായ ഇടപെടലുകൾ നടത്തുന്നതിനെതിരെ സുപ്രീം കോടതിയുടെ നിരീക്ഷണം. ഇത്തരം ഇടപെടലുകളിൽ നിന്ന് സംസ്ഥാനങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

സാമ്പത്തിക ഫെഡറൽ തത്വങ്ങൾ സംരക്ഷിക്കപ്പെടണം. സംസ്ഥാനങ്ങളുടെ വരുമാന സ്രോതസുകളിൽ മുഖ്യമാണ് നികുതി. അതിൻമേലുള്ള കടന്നുകയറ്റം ജനങ്ങൾക്കുള്ള ക്ഷേമപദ്ധതികളെയും സേവനങ്ങളെയും ബാധിക്കുമെന്ന്കോടതി അഭിപ്രായപ്പെട്ടു.

ധാതുഖനനങ്ങൾക്ക് നികുതി ഈടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് വിധിച്ച ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സംസ്ഥാനങ്ങളിലെ ഖനനത്തിന് നികുതി ചുമത്തുന്ന നിയമനിർമ്മാണത്തിന് പാർലമെന്റിന് അധികാരമില്ല. കേന്ദ്രസർക്കാർ കൊണ്ടുവന്ന മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്പ്മെന്റ് ആൻഡ് റെഗുലേഷൻ) നിയമം സംസ്ഥാനങ്ങളുടെ നികുതി പിരിവിനുള്ള അവകാശത്തെ പരിമിതപ്പെടുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യസിമന്റ്സ് കമ്പനി ഖനനം ചെയ്യുന്ന ധാതുസമ്പത്തിനുള്ള റോയൽറ്റിക്കു മുകളിൽ തമിഴ്നാട്സർക്കാർ നികുതി ചുമത്തിയിരുന്നു. ഇതു ചോദ്യം ചെയ്ത കമ്പനിയുടെ ഹർജിയിൽ റോയൽറ്റിയും നികുതിയാണെന്നും മറ്റൊരു നികുതി ഈടാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നും 1989ൽ

ഏഴംഗ ബെഞ്ച് വിധിച്ചിരുന്നു. ഇതേ തുടർന്ന് സംസ്ഥാനങ്ങളും ഖനന കമ്പനികളും ഉൾപ്പെടെ സമർപ്പിച്ച 86 അപ്പീലുകളിലാണ് ഇപ്പോഴത്തെ വിധി.

സംസ്ഥാന സ‌ർക്കാരുകൾക്ക് അധിക വരുമാനത്തിനുള്ള വാതിലാണ് സുപ്രീകോടതി തുറന്നിട്ടിരിക്കുന്നത്.
ഒഡിഷ,​ ഛത്തീസ്ഗഢ്, ജാർഖണ്ഡ് തുടങ്ങി ധാതുഖനനം വ്യാപകമായിട്ടുള്ള സംസ്ഥാനങ്ങൾക്ക് വിധി ഗുണം ചെയ്യും. നികുതിയുടെ 44 ശതമാനവും ഒഡിഷയിൽ നിന്നാണ് പിരിക്കുന്നത്. ഛത്തീസ്ഗഢ് - 17.34%,​ രാജസ്ഥാൻ - 14.10%,​ കർണാടക - 13.24%,​ ജാർഖണ്ഡ് - 4.36% എന്നിങ്ങനെയാണ് നികുതി പിരിവ്. കേരളത്തിലും ഖനന പ്രവർത്തനങ്ങളുണ്ട്.