ഷ്രിരൂർ : ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ വ്യാഴാഴ്ച രാത്രിയും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടരും. മനുഷ്യസാന്നിദ്ധ്യം കണ്ടെത്താൻ തെർമൽ സ്കാനർ ഉപയോഗിച്ചുള്ള ശ്രമങ്ങളും നടത്തുമെന്ന് ഉത്തരകന്നഡ ജില്ലാകളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു. രാത്രിയിലെ താപനില മനുഷ്യസാന്നിദ്ധ്യം കണ്ടെത്താൻ കൂടുതൽ സഹായകരമാണെന്നും അവർ വ്യക്തമാക്കി.
ദൗത്യസംഘ തലവൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ അറിയിച്ചതനുസരിച്ച് മൂന്നിടങ്ങളിൽ നിന്ന് സിഗ്നൽ ലഭിച്ചിട്ടുണ്ട്. ഇതിൽ ഒന്നിൽ നിന്നും കൂടുതൽ സിഗ്നൽ ലഭിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയും വെള്ളി പുലർച്ചെയുമായുള്ള സംഘത്തിന്റെ പരിശോധനയിൽ നിന്ന് വ്യക്തമാകുന്ന സിഗ്നൽ പ്രകാരം അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവർ വ്യക്തമാക്കി. പുഴയുടെ അടിയൊഴുക്ക് ശക്തമാണ്. മേജർ ഇന്ദ്രബാലൻ പറഞ്ഞതനുസരിച്ച് മുങ്ങൽ വിദഗ്ദ്ധർക്ക് മൂന്ന് നോട്‌സ് വരെ മാത്രമേ ഡൈവ് ചെയ്യാൻ സാധിക്കൂ. അടിയൊഴുക്ക് കുറയും വരെ കാത്തിരിക്കണമെന്നും കളക്ടർ പറഞ്ഞു.
അർജുന്റെ ട്രക്കുളളത് ഗംഗാവലിപ്പുഴയിൽ നിന്ന് പത്ത് മീറ്റർ ആഴത്തിലെന്ന് നേരത്തെ കാർവാർ എ.എൽ.എ സതീഷ് കൃഷ്ണ സെയിൽ വ്യക്തമാക്കിയിരുന്നു. തടികൾ ലോറിയിൽ നിന്ന് വിട്ടുപോയെന്നും നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'രാത്രിയും ഡ്രോൺ പരിശോധന നടത്തും. രണ്ട് നോട്ടിക്കൽ കൂടുതലാണ് പുഴയിലെ ഒഴുക്കെങ്കിൽ ഡൈവർമാർക്ക് ഇറങ്ങാൻ കഴിയില്ല. ലോറിയുടെ ഉളളിൽ മനുഷ്യ സാന്നിദ്ധ്യമുണ്ടെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.