കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി 15ല്‍ നിന്ന് ആറ് ശതമാനമായി കുറച്ചതിന് തൊട്ട് പിന്നാലെ 2000 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. പിന്നീടുള്ള രണ്ട് ദിവസങ്ങളിലായി മൊത്തത്തില്‍ കുറഞ്ഞത് 2960 രൂപയാണ്. ബഡ്ജറ്റ് അവതരിപ്പിച്ച ജൂലായ് 22ന് കേരളത്തിലെ സ്വര്‍ണ വില പവന് 54160 ആയിരുന്നു. 23, 24 തീയതികളിലായി വില 51960ല്‍ എത്തി. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞ് 51,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ജൂലായ് മാസത്തില്‍ തന്നെ ഒരു ഘട്ടത്തില്‍ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 55,000 രൂപ നല്‍കണമായിരുന്നു. 17ാം തീയതിയാണ് റെക്കോഡ് വില രേഖപ്പെടുത്തിയത്. ബഡ്ജറ്റില്‍ നികുതി കുറക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. 15 ശതമാനത്തില്‍ നിന്ന് 12 ആക്കി കുറയ്ക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെട്ടതെങ്കിലും കേന്ദ്രം അത് ആറ് ശതമാനമാക്കി കുറച്ച് എല്ലാവരേയും ഞെട്ടിക്കുകയായിരുന്നു. നികുതിയില്‍ ഒമ്പത് ശതമാനം കുറഞ്ഞെങ്കിലും വില ആനുപാതികമായി കുറയുന്നില്ലെന്നതാണ് വാസ്തവം.
ബഡ്ജറ്റ് ദിനത്തില്‍ രണ്ട് തവണയായി 2200 രൂപയാണ് ഒരു പവന് കുറഞ്ഞത്. 24ാം തീയതി വില കുറഞ്ഞില്ല. ഇന്ന് 760 രൂപ കുറച്ചു. ഒരു കിലോ സ്വര്‍ണം ഇറക്കുമതി ചെയ്യുമ്പോള്‍ ഒമ്പത് ലക്ഷം രൂപ നികുതിയായി നല്‍കിയിരുന്നത് 3.90് ലക്ഷമായി കുറഞ്ഞു. ഇതിന് ആനുപാതികമായി വില കുറച്ചാല്‍ പവന് വില 50,000ല്‍ താഴെ എത്തേണ്ടതാണ്. എന്നാല്‍ എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കാത്തത് എന്നത് ഉപഭോക്താക്കള്‍ സ്വാഭാവികമായും ചിന്തിക്കുന്ന കാര്യമാണ്. ആരാണ് വില നിശ്ചയിക്കുന്നത്, എന്തെല്ലാമാണ് വില തീരുമാനിക്കുന്നതിനുള്ള ഘടകങ്ങള്‍?
നികുതി കുറച്ചതിന് അനുസരിച്ച് വില കുറച്ചിരുന്നുവെങ്കില്‍ ഗ്രാമിന് 500 രൂപയും പവന് 4000 രൂപയും കുറയേണ്ടതായിരുന്നു. വ്യാപാരികളുടെ അസോസിയേഷനുകളാണ് സംസ്ഥാനത്ത് ഓരോ ദിവസത്തേയും സ്വര്‍ണവില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളറിന്റെ മൂല്യം, രൂപയുമായുള്ള വിനിമയ നിരക്ക്, സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഇതിന് ആനുപാതികമായി ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് റേറ്റ്, മുംബയ് വിപണിയിലെ വില എന്നിവ അവലോകനം ചെയ്താണ് ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുന്നത്.
ഒറ്റയടിക്ക് നാലായിരം രൂപ കുറച്ചാല്‍ അത് ബിസിനസിനേയും ലാഭത്തേയും ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജുവലറികളില്‍ വില കുറയാത്തത്. ഒറ്റയടിക്ക് കുറച്ചില്ലെങ്കിലും പടിപടിയായി കേരളത്തിലും വില കുറയും. ചെറിയ തുക വീതമായിരിക്കും കുറയ്ക്കുക. സ്ഥിരമായി വലിയ തുക കുറവ് വന്നാല്‍ അത് ആളുകളുടെ സ്വര്‍ണം വാങ്ങല്‍ തീരുമാനത്തെ നീട്ടിവയ്ക്കുന്നതിലേക്ക് സ്വാധീനിക്കുമെന്നാണ് അസോസിയേഷന്റെ വിലയിരുത്തല്‍.
നികുതി കുറച്ചതും രാജ്യാന്തര മാര്‍ക്കറ്റിലെ വിലയും പരിഗണിക്കുമ്പോഴുള്ള വിലക്കുറവ് സ്വര്‍ണവിപണിയില്‍ വന്നുകഴിഞ്ഞു. കേരളത്തില്‍ വിവാഹ സീസണിന് ഒരു മാസത്തില്‍ താഴെ മാത്രമാണ് ബാക്കിയുള്ളത്. ചിങ്ങ മാസത്തില്‍ നിരവധി വിവാഹങ്ങള്‍ നടക്കും. ആ സമയത്തേക്ക് ആളുകള്‍ സ്വര്‍ണം വാങ്ങല്‍ മാറ്റി വയ്ച്ചാല്‍ അത് പെട്ടെന്ന് ബിസിനസില്‍ നഷ്ടം വരുത്തും. ഓരോ ദിവസവും പടിപടിയായി കുറക്കുമ്പോള്‍ വലിയ കുറവ് വരില്ലെന്ന പ്രതീതിയില്‍ ആളുകള്‍ പര്‍ച്ചേസ് നീട്ടിവയ്ക്കില്ലെന്ന ബിസിനസ് തന്ത്രമാണ് ജുവലറികള്‍ പ്രയോഗിക്കുന്നത്.