pic

വാഷിംഗ്ടൺ : ഗാസ യുദ്ധത്തിൽ തങ്ങൾ വിജയിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ' പോരാട്ടത്തിൽ ഇസ്രയേലും യു.എസും ഒറ്റക്കെട്ടായി നിൽക്കണം.

മിഡിൽ ഈസ്റ്റിലെ എല്ലാ തീവ്രവാദ പ്രവർത്തനങ്ങൾക്കും പിന്നിൽ ഇറാന്റെ അദൃശ്യകരങ്ങളുണ്ട്. പാശ്ചാത്യ ലോകത്തിന്റെ സംരക്ഷകരായ യു.എസ് ഇറാന്റെ ഭ്രാന്തമായ പദ്ധതികൾ തടസ്സപ്പെടുത്തുന്നു. ഹമാസിന് മേൽ പൂർണ വിജയം നേടും. അതുവരെ പോരാട്ടം തുടരും."- നെതന്യാഹു പറഞ്ഞു.

നെതന്യാഹുവിന്റെ പ്രസംഗത്തെ കരാഘോഷത്തോടെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ സ്വീകരിച്ചെങ്കിലും ഡെമോക്രാറ്റുകളുടെ ഭാഗത്ത് കാര്യമായ ആവേശമുണ്ടായില്ല. കോൺഗ്രസിലെ ഏക പാലസ്തീൻ വംശജയും ഡെമോക്രാറ്റിക് പാർട്ടി അംഗവുമായ റാഷിദ തലീബ് പ്രസംഗത്തിനിടെ ' യുദ്ധക്കുറ്റവാളി", 'വംശഹത്യയുടെ കുറ്റവാളി" എന്നീ വാചകങ്ങൾ എഴുതിയ പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ചു.

ഇസ്രയേലിനോട് എതിരല്ലെങ്കിലും ഗാസയിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിനോട് യോജിക്കാനാകില്ലെന്ന് ഒരു വിഭാഗം ഡെമോക്രാറ്റുകൾ വ്യക്തമാക്കുന്നു. കോൺഗ്രസിലെ 30ലേറെ ഡെമോക്രാറ്റിക് അംഗങ്ങൾ നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്കരിച്ചിരുന്നു.

അഭിസംബോധന നടന്ന ക്യാപിറ്റൽ മന്ദിരത്തിന് പുറത്ത് ആയിരക്കണക്കിന് പാലസ്തീൻ അനുകൂലികളുടെ ശക്തമായ പ്രതിഷേധവും അരങ്ങേറി. ചിലർക്ക് നേരെ പൊലീസ് പെപ്പർ സ്പ്രേ പ്രയോഗിച്ചു. ആറ് പേർ അറസ്റ്റിലായി. ഗാസയിൽ തുടരുന്ന ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 39,170 ലേറെ പാലസ്തീനികൾ കൊല്ലപ്പെട്ടു.