ന്യൂഡല്‍ഹി: ഒരിടത്തും പിടിച്ചിടാതെ പറഞ്ഞ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കും, വന്ദേഭാരത് ട്രെയിനുകള്‍ ഹിറ്റ് ആകാനുള്ള പ്രധാനപ്പെട്ട കാരണം അത് തന്നെയാണ്. അതിനോടൊപ്പം ട്രെയിനിനുള്ളിലെ ആധുനിക സൗകര്യങ്ങള്‍ക്കൂടിയായപ്പോള്‍ യാത്രക്കാര്‍ക്ക് പ്രിയം കൂടി. ഇത് തന്നെയാണ് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പ്രീമിയം ട്രെയിന്‍ ആയിട്ടും യാത്രക്കാര്‍ വന്ദേഭാരതിനെ ഏറ്റെടുക്കാനുള്ള കാരണം. കേരളത്തിലേക്ക് വന്നാല്‍ നിലവില്‍ സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകളും നിറഞ്ഞാണ് ഓടുന്നത്.
വന്ദേഭാരതില്‍ ഒരു യാത്ര പോകണമെങ്കില്‍ കുറഞ്ഞത് രണ്ടാഴ്ച മുമ്പെങ്കിലും ടിക്കറ്റ് എടുക്കണം. ഒക്കുപ്പെന്‍സി റേറ്റില്‍ വളരെ മുന്നിലാണ് കേരളത്തിലേതുള്‍പ്പെടെയുള്ള വന്ദേഭാരത് ട്രെയിനുകള്‍. തത്കാല്‍ ടിക്കറ്റ് എടുക്കാമെന്ന് വിചാരിച്ചാല്‍പ്പോലും സീറ്റ് കിട്ടാത്ത അവസ്ഥയുണ്ട് വന്ദേഭാരതില്‍. ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് റെയില്‍വേ ഇപ്പോള്‍. വന്ദേഭാരത് ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം കൂട്ടാനാണ് റെയില്‍വേയുടെ നീക്കം.
നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരതുകള്‍ രണ്ട് തരമാണ്. എട്ട് കോച്ചുകളുള്ള റേക്ക് ഉപയോഗിച്ചുള്ളതും, 16 കോച്ചുകളുള്ള റേക്ക് ഉപയോഗിച്ചുള്ളതും. യാത്രക്കാരുടെ തിരക്ക് അനുസരിച്ചാണ് ഓരോ റൂട്ടിലേക്കും ഏത് റേക്ക് വേണമെന്ന് റെയില്‍വേ ബോര്‍ഡ് തീരുമാനിക്കുന്നത്. എട്ട് കോച്ചുകളുമായി സര്‍വീസ് തുടങ്ങിയ റൂട്ടുകളില്‍ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അവ പിന്‍വലിച്ച് 16 കോച്ചുകളുള്ള വന്ദേ ഭാരത് കൊണ്ടുവരേണ്ടി വന്നിരുന്നു.
ഇപ്പോഴിതാ എട്ടും 16 കോച്ചുകളുമുള്ള റേക്കുകള്‍ക്ക് പുറമെ, 20 കോച്ചുകളും 24 കോച്ചുകളുമുള്ള വന്ദേഭാരതുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. 'ഭാവിയില്‍ 20 കോച്ചുകളും, 24 കോച്ചുകളുമുള്ള വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കും. ടിക്കറ്റിന് ആവശ്യക്കാര്‍ കൂടുതലുള്ള വന്ദേഭാരതുകളില്‍ നിലവിലുള്ള 16 റേക്ക് മാറ്റി ആവശ്യത്തിന് അനുസരിച്ച് 20 -24 റേക്കുള്ള ട്രെയിനുകള്‍ നല്‍കാനാണ് റെയില്‍വേയുടെ പദ്ധതി. കേരളത്തില്‍ നിലവില്‍ ഓടുന്ന വന്ദേഭാരതുകളില്‍ ഒരെണ്ണം എട്ട് റേക്കുകളും മറ്റൊന്ന് 16 റേക്കുകളും ഉള്ളതാണ്.