കാസര്‍കോട്: മത്സ്യത്തൊഴിലാളികള്‍ക്ക് ആവേശവും ആശ്വാസവും കൈനിറയെ പണവും സമ്മാനിച്ച് ചെമ്മീന്‍ ചാകര. ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളം നിറയെ പൂവാലന്‍ ചെമ്മീന്‍ കിട്ടി. മടക്കര മത്സ്യബന്ധന തുറമുഖത്ത് ഇന്നലെ പുലര്‍ച്ചെ വള്ളങ്ങളില്‍ 500 കിലോഗ്രാം മുതല്‍ 2000 കിലോഗ്രാം വരെയാണ് ചെമ്മീനുകള്‍ എത്തിയത്.
ഒരിക്കല്‍ കരയില്‍ മീനുകളെ എത്തിച്ച നിരവധി വള്ളങ്ങള്‍ വീണ്ടും കടലിലേക്ക് പോകുന്ന കാഴ്ച കൗതുകമായി. രാവിലെ ഫ്രഷ് ആയി എത്തിച്ച പൂവാലന്‍ ചെമ്മീന്‍ വിറ്റ് പോയത് കിലോയ്ക്ക് 140 രൂപ നിരക്കില്‍. പിന്നീട് വില 100 മുതല്‍ 110 വരെ ആയി. നിരവധി മത്സ്യ വ്യാപാരികളാണ് തുറമുഖത്ത് എത്തി നേരിട്ട് ചെമ്മീന്‍ വാങ്ങി മടങ്ങിയത്. മടക്കരയില്‍ ചെമ്മീന്‍ ചാകര വന്നതറിഞ്ഞ് ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും വലിയ അളവില്‍ ചെമ്മീന്‍ വാങ്ങി മടങ്ങാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു.
ട്രോളിംഗ് നിരോധനം ഈ മാസം 31ന് അവസാനിക്കും അതിന് മുമ്പ് വറുതിക്കാലത്തിനും പിന്നാലെയെത്തിയ കടല്‍ക്ഷോഭത്തിനും ശേഷം ഇത്രയും മീന്‍ കിട്ടിയത് മത്സ്യത്തൊഴിലാളികള്‍ക്ക് ലോട്ടറി അടിച്ചപോലെയായി. മഴ മാറിയാല്‍ ഇതുപോലെ ചാകര ഉണ്ടാകുന്നത് പതിവാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വള്ളങ്ങളില്‍ പോയവര്‍ക്ക് ഇത്രയും വലിയ അളവില്‍ ചെമ്മീന്‍ കിട്ടിയതോടെ ട്രോളിംഗ് അവസാനിക്കുമ്പോള്‍ യന്ത്ര ബോട്ടുകള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
അതേസമയം, കടലാമ സംരക്ഷണത്തിന്റെ പേരില്‍ ഇന്ത്യന്‍ കടല്‍ ചെമ്മീന്‍ കയറ്റുമതിക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കിലോയ്ക്ക് 200 മതല്‍ 250വരെ വിലയുണ്ടായിരുന്ന പൂവാലന്‍ ചെമ്മീനാണ് ഇപ്പോള്‍ വില കുത്തനെ കുറഞ്ഞിരിക്കുന്നത്.