മലയാളം സീരിയൽ ലൊക്കേഷനിൽ നടിമാരായ രഞ്ജിനിയും സജിത ബേട്ടിയും തമ്മിൽ കൈയാങ്കളിയുണ്ടായെന്നും ഇതിനുപിന്നാലെ ഷൂട്ടിംഗ് നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. തല്ലിനിടയിൽ ഒരാളുടെ തലയ്ക്ക് പരിക്കേറ്റു എന്നൊക്കെയായിരുന്നു പ്രചരിച്ചിരുന്നത്. സംഭവത്തിന്റെ യാഥാർത്ഥ്യം പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.
പുറത്തുവരുന്നതെല്ലാം വ്യാജ വാർത്തകളാണെന്ന് സജിത ബേട്ടി തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. കൂടാതെ രഞ്ജിനിക്കൊപ്പം സോഫയിൽ ഇരിക്കുന്ന ഒരു വീഡിയോയും പങ്കുവച്ചിട്ടുണ്ട് തുടർന്ന് ആരുടെ തലയാണ് പൊട്ടിയത് എന്റേതാണോ, ബേട്ടിയുടേതാണോയെന്ന് രഞ്ജിനി ചോദിക്കുന്നുമുണ്ട്.
രണ്ടുപേരുടെയുമല്ലെന്ന് സജിത ബേട്ടി പറയുമ്പോൾ, രണ്ട് പേരുടെയും തല നന്നായിട്ടുണ്ടല്ലോ എന്ന് രഞ്ജിനി ചിരിച്ചുകൊണ്ട് പറയുന്നു. 'എന്തൊക്കെ വാർത്തകളാണ് പുറത്തുവരുന്നതെന്ന് എനിക്ക് അറിയില്ല. ആർക്കും ഇവിടെ തല പൊട്ടിയില്ല. നല്ല രീതിയിലാണ് ഞങ്ങൾ പോകുന്നത്. എല്ലാവരും ഹാപ്പിയായിരിക്കൂ.
ഇങ്ങനെ ഒരു കാര്യം വൈറലാകുന്നത് ഇപ്പോഴാണ് ഞങ്ങൾ അറിയുന്നത്. ഇന്നലെ വന്ന വാർത്ത ഫെയ്ക്കാണ്. പക്ഷേ എന്തായാലും നന്നായി. കാരണം ഇതുമൂലം സീരിയലിന്റെ റേറ്റിംഗ് കൂടിയല്ലോ. എന്നാൽ ഇതൊരു സൈബർ ക്രൈം ആണ്. ഞാനൊരു വക്കീലാണ്. എനിക്കറിയാം എന്ത് ചെയ്യണമെന്ന്. ഞാൻ നിങ്ങളെ നിരീക്ഷിക്കുന്നു ഗയ്സ്. എന്തായാലും ഇന്നലെ അത് വൈറലാക്കിയത് നന്നായി.'- രഞ്ജിനി തമാശരൂപേണ പറഞ്ഞു. തങ്ങൾ സന്തോഷത്തിലാണെന്ന് സജിതാ ബേട്ടി വ്യക്തമാക്കി.