ദുബായ്: വിവിധ തരത്തിലുളള തട്ടിപ്പുകൾ വർദ്ധിക്കുന്നതിനാൽ പ്രവാസികൾ ഉൾപ്പടെയുളള യുഎഇ നിവാസികൾക്ക് കർശന മുന്നറിയിപ്പുമായി ബാങ്കുകൾ. നഗരത്തിൽ നടക്കുന്ന വിവിധതരം തട്ടിപ്പുകളിൽ ഇരയാകാതിരിക്കാനാണ് ഇത്തരം മുന്നറിയിപ്പുമായി ബാങ്കുകൾ രംഗത്തെത്തിയിരിക്കുന്നത്. വ്യാജ ജോലി വാഗ്ദാനങ്ങൾ മുതൽ പാസ്‌പോർട്ടുകൾ സസ്‌പെൻഡ് ചെയ്തുവെന്ന തരത്തിലുളള വ്യാജസന്ദേശങ്ങളിലൂടെ ഉപഭോക്താക്കൾ തട്ടിപ്പിനിരയാകാൻ സാദ്ധ്യതയുണ്ടെന്ന് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നു.
സർക്കാർ ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഉപഭോക്താക്കളുടെ സാമ്പത്തികപരമായ വിവരങ്ങൾ ചോർത്തിയെടുത്ത് തട്ടിപ്പ് നടത്തുന്നതിനാണ് വ്യാജ സന്ദേശങ്ങൾ അയക്കുന്നത്. പ്രാദേശിക ബാങ്കുകൾ അവരുടെ ഉപഭോക്താക്കൾക്ക് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ ഇ-മെയിലുകളിലൂടെയും ഫോൺ സന്ദേശങ്ങളിലൂടെയും അയച്ചുകഴിഞ്ഞിട്ടുണ്ട്. പ്രധാനപ്പെട്ട തട്ടിപ്പ് രീതികൾ ഏതെല്ലാമെന്ന് നോക്കാം.
1. മൊബൈൽ ഫോൺ അല്ലെങ്കിൽ ടോൾ അക്കൗണ്ട് റീച്ചാർജ് ചെയ്യുക.
നിങ്ങൾ മൊബൈൽ ഫോണുകളിൽ ഗൂഗിളിൽ എന്തെങ്കിലും തിരയുന്ന സമയത്ത് നിയമവിരുദ്ധമായ ചില വെബ്സൈറ്റുകൾ പ്രത്യക്ഷപ്പെടാൻ സാഹചര്യമുണ്ടാകും. ഏതൊക്കെ സൈറ്റുകളാണ് വ്യാജം എന്ന് മുൻപ് തന്നെ യുഎഇ നിവാസികൾക്ക് മുന്നറിയിപ്പായി നൽകിയിട്ടുണ്ട്. പണമിടപാടുകൾ നടത്തുന്നതിന് മുൻപ് ഉപഭോക്താക്കൾ കർശനമായും അയക്കുന്ന പണം ആരുടെ അക്കൗണ്ടിലേക്കാണ് അയക്കുന്നതെന്നും കൃത്യമായി പരിശോധിച്ചിരിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
2. വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ
യുഎഇയിൽ കൂടുതൽ ആളുകളും വഞ്ചിക്കപ്പെടുന്നത് ഇത്തരത്തിലാണ്. ചില അവസരങ്ങളിൽ പ്രതിദിനം മികച്ച വരുമാനം ലഭിക്കുന്ന ജോലികൾ സ്വന്തമാക്കാം എന്ന തരത്തിലുളള വ്യാജസന്ദേശങ്ങൾ ലഭിക്കാൻ ഇടയാകും. ഈ അവസരങ്ങൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അപരിചിതമായ വാട്സ്ആപ്പ് നമ്പറുകളിലൂടെയും എസ്എംഎസ്, ഇ-മെയിൽ തുടങ്ങിയവയിലൂടെ പ്രമുഖ കമ്പനികളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നവരാണെന്ന വ്യാജേന സന്ദേശം ലഭിക്കാൻ സാദ്ധ്യതയുണ്ട്. ഇത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
3. ബാങ്കിൽ നിന്നും വിളിക്കുന്നു
ചില അവസരങ്ങളിൽ തട്ടിപ്പുകാർ ബാങ്കിൽ നിന്നുളള ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഉപഭോക്താക്കളെ ബന്ധപ്പെടാൻ സാദ്ധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാനുണ്ടെന്ന വ്യാജേനയായിരിക്കും അത്തരത്തിലുളള കോളുകൾ വരുന്നത്. കോളുകൾ വന്നാൽ ഉപഭോക്താക്കൾ അടിയന്തരമായി ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്. ഒരിക്കലും ബാങ്കിൽ നിന്നും നിങ്ങളുടെ വിവരങ്ങൾ അറിയാനായി കോളുകൾ ചെയ്യാറില്ലെന്നും ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.