ഇന്ത്യൻ സിനിമാ സംഗീതത്തിലെ രാജകുമാരിയാണ് ശ്രേയ ഘോഷൽ. മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം അഞ്ച് തവണ നേടിയ ശ്രേയ ഇന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഗായിക കൂടിയാണ്. ഒരു ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം ശ്രേയ ഘോഷലിന്റെ ആസ്തി 240 കോടിയാണ്. ഒരുപക്ഷേ ഇതിന്റെ ഇരട്ടിയോളം ഇക്കാലയളവിൽ അവർ സമ്പാദിച്ചിട്ടുണ്ടാകാം. ശ്രേയയെ കുറിച്ചും ശ്രേയയുടെ പാട്ടുകളെ കുറിച്ചും വിസ്തരിച്ചു പറയേണ്ട ആവശ്യമില്ല. രണ്ട് പതിറ്റാണ്ടിലധികമായി ഇന്ത്യയിലെ ഒരുവിധം എല്ലാ ഭാഷയിലും തന്റെ ആധിപത്യം അവർ നേടിക്കഴിഞ്ഞു.
ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ പ്രമുഖ പേരുകളിലൊന്നാണ് ശ്രേയയുടെ ഭർത്താവായ ശിലാദിത്യ മുഖോപാദ്യായയുടേത്. മൊബൈൽ ഫോൺ ആപ്പായ ട്രൂകോളറിന്റെ ബിസിനസ് ഗ്ളോബൽ ഹെഡ് ആണ് ഇദ്ദേഹം. 2022 ഏപ്രിൽ മുതൽ ശിലാദിത്യ ഈ പദവിയിലുണ്ട്. സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വീഡിഷ് കമ്പനിയായ ട്രൂകോളറിന്റെ ആസ്തി 1740 കോടിയാണ്. 2009ൽ പ്രവർത്തനം ആരംഭിച്ച ട്രൂകോളറിന് ലോകത്താകമാനം 374 മില്യൺ ഉപഭോക്താക്കളുണ്ട്. ഇന്ത്യ തന്നെയാണ് ഈ സ്വീഡിഷ് കമ്പനിയുടെ ഏറ്റവും വലിയ വിപണിയും. ട്രൂകോളറിന്റെ ആകെ ബിസിനസിന്റെ 75.8 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണ്.
ബിസിനസ് ഡവലപ്‌മെന്റ്, മൊബൈൽ ആപ്ളിക്കേഷൻ, സോഫ്‌റ്റ്‌വെയർ പ്രോജക്‌ട് മാനേജ്‌മെന്റ് ആന്റ് ഓട്ടോമേഷൻ സിസ്‌റ്റം എന്നിവയിൽ നിപുണനാണ് ശിലാദിത്യ. കാലിഫോർണിയൻ കമ്പനിയായ ക്ളെവർ ടാപ്പിൽ വൈസ് പ്രസിഡന്റ് (സെയിൽ) പദവിയിൽ നിന്നാണ് ട്രൂകോളറിലേക്ക് എത്തിയത്. മുംബയ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇലക്‌ട്രോണിക്‌സിൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്.
2015ൽ ആണ് ശ്രേയയും ശിലാദിത്യയും വിവാഹിതരാകുന്നത്. അതിനും 10 വർഷം മുമ്പ് തന്നെ ഇരുവരും പ്രണയം തുടങ്ങിയിരുന്നു. ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങിനിടെ ശിലാദിത്യ ശ്രേയയോട് ഇഷ്‌ടം വെളിപ്പെടുത്തുകയായിരുന്നു. 2021ൽ ഇരുവർക്കും ദേവ്‌യാൻ എന്ന മകൻ ജനിച്ചു.
1984 മാർച്ച് 12ന് പശ്ചിമ ബംഗാളിലെ ബ്രഹ്മപൂറിലാണ് ശ്രേയ ഘോഷാൽ ജനിച്ചത്. രാജസ്ഥാനിലെ കോട്ടയിലായിരുന്നു ശ്രേയ വളർന്നത്. നാല് വയസായപ്പോൾ തന്നെ ഹാർമോണിയം വായിച്ച് പാടാൻ തുടങ്ങി. ഗുരു മഹേഷ് ചന്ദ്ര ശർമ്മയിൽ നിന്നാണ് സംഗീതത്തിന്റെ ബാല പാഠങ്ങൾ പഠിച്ചത്.
ടെലിവിഷൻ റിയാലിറ്റി ഷോ ആയ സ രി ഗ മ യിലൂടെയാണ് ശ്രേയ ഘോഷാൽ ശ്രദ്ധിക്കപ്പെടുന്നത്. അതിനും മുമ്പ് 1998ൽ ബന്ധേച്ചി ബീനാ എന്ന പേരിലെ ആൽബം റിലീസ് ആയിരുന്നു. തുടർന്നാണ് സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ‌്ത ദേവദാസിലൂടെ 2002ൽ ബോളിവുഡ് പിന്നണിയായി ഗായികയായി അരങ്ങേറിയത്. ആദ്യഗാനത്തിലൂടെ തന്നെ മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. അവിടെ തുടങ്ങുകയായിരുന്നു ശ്രേയ ഘോഷാൽ യുഗം.
ഹിന്ദി, ബംഗാളി, അസാമിസ്, ബോജ്‌പുരി, തെലുങ്ക്, തമിഴ്, ഒഡിയ, ഗുജറാത്തി, കന്നഡ, മറാത്തി, മലയാളം, നേപ്പാളി തുടങ്ങിയ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ചു. അമേരിക്കയിലെ ഓഹിയോ സംസ്ഥാനത്തിന്റെ പ്രത്യേക ആദരവും ശ്രേയയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ജൂൺ 26 ശ്രേയ ഘോഷൽ ദിനമായി അവിടുത്തെ ഗവർണർ ടെഡ് സ്‌റ്റിക്ക് ലാൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
2012ൽ തന്നെ ഫോബ്‌സിലെ പട്ടികയിൽ ആദ്യ നൂറു പേരുകാരിയായി ശ്രേയ ഘോഷൽ ഇടംപിടിച്ചിട്ടുണ്ട്. ദേശീയ പുരസ്‌കാരങ്ങൾക്ക് പുറമെ, 15 ഫിലിം ഫെയർ അവാർഡുകളും ഈ ഗായികയ‌്ക്ക് ലഭിച്ചിട്ടുണ്ട്.
2017 മാർച്ചിൽ പുതിയൊരു ചരിത്രം കൂടി ശ്രേയ കുറിച്ചു. മെഴുക് പ്രതിമാ നിർമ്മാണത്തിലെ ലോകപ്രശസ്തരായ മാഡം തുസാഡ്‌സ് ശൃംഖലയുടെ ഡൽഹിയിലെ പ്രശസ്തമായ മ്യൂസിയത്തിൽ നിർമ്മിക്കപ്പെട്ട ആദ്യ ഗായികയുടെ പ്രതിമ ശ്രേയ ഘോഷാലിന്റേതായി മാറി.